കെഎസ്ആർടിസി ലാഭകരമായി നടത്തിയിരുന്ന സൂപ്പർ ഫാസ്റ്റ് സർവീസുകളെ പ്രീമിയം വിഭാഗത്തിലേക്ക് മാറ്റിയ നടപടി തിരിച്ചടിയാകുന്നു. യാത്രാസമയം കുറയ്ക്കുന്നതിനായി സ്റ്റോപ്പുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുകയും ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുകയും ചെയ്തതോടെയാണ് വരുമാനത്തിൽ വൻ ഇടിവ് രേഖപ്പെടുത്തിയത്.
സ്റ്റോപ്പുകൾ കുറച്ചതോടെ യാത്രക്കാർക്ക് ബസിൽ കയറാനും ഇറങ്ങാനുമുള്ള അവസരം നഷ്ടപ്പെട്ടതും, ഇത് യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാക്കിയതും പദ്ധതിയുടെ പരാജയത്തിന് കാരണമായി. ജീവനക്കാരുടെ ഡ്യൂട്ടി സമയം ക്രമീകരിക്കാൻ സ്റ്റോപ്പുകൾ വെട്ടിക്കുറച്ച നടപടി യാത്രക്കാരെയാണ് പ്രതികൂലമായി ബാധിച്ചത്.
നേരത്തെ സർവീസ് നടത്തിയിരുന്ന സൂപ്പർ ഫാസ്റ്റുകളെ പ്രീമിയം ബസുകളാക്കി മാറ്റിയതോടെ വരുമാനത്തിൽ 25 മുതൽ 40 ശതമാനം വരെ കുറവുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. പത്തനംതിട്ട
ഡിപ്പോയിൽ നിന്ന് ഓടുന്ന നാല് പ്രീമിയം സൂപ്പർ ഫാസ്റ്റ് സർവീസുകളിലും സമാനമായ സ്ഥിതിയാണുള്ളത്. വൈകിട്ട് 5.15-നുള്ള കോഴിക്കോട് സർവീസ് പ്രീമിയം ആക്കിയതോടെ വരുമാനം 30,000–31,500 രൂപയിൽ നിന്ന് 20,000–21,250 രൂപയായി കുറഞ്ഞു.
45,000 രൂപ വരെ വരുമാനം ലഭിച്ചിരുന്ന തിരുനെല്ലി ക്ഷേത്രം സർവീസ് പ്രീമിയം ആക്കിയപ്പോൾ അത് 28,000–30,000 രൂപയായി ഇടിഞ്ഞു. സമാനമായി, രാവിലെ 7.10-ന് മല്ലപ്പള്ളി, കോട്ടയം വഴിയുള്ള പാലക്കാട് സർവീസിലും 20 ശതമാനം വരുമാനനഷ്ടം സംഭവിച്ചു.
ഉച്ചയ്ക്ക് 2.30-ന് പുറപ്പെടുന്ന പുനലൂർ–ഗുരുവായൂർ പ്രീമിയം സർവീസിലും പ്രതിദിനം 12,000 രൂപയുടെ കുറവുണ്ട്. പത്തനംതിട്ട–വഴിക്കടവ് ഫാസ്റ്റ് സർവീസും പ്രീമിയം ആക്കണമെന്ന നിർദേശം ചീഫ് ഓഫീസിൽ നിന്ന് ലഭിച്ചിട്ടുണ്ടെങ്കിലും, വരുമാനനഷ്ടം ഭയന്ന് ഡിപ്പോ അധികൃതർ ഇതിനോട് വിമുഖത പ്രകടിപ്പിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

