യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, മേഖലയിൽ പ്രകോപനപരമായ നടപടികളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കപ്പൽ ഉപരോധത്തിലൂടെ ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം യുഎസ് സൈന്യം ഏറ്റെടുത്തതായി ട്രംപ് പ്രഖ്യാപിച്ചു.
ഇറാന്റെ ആണവ പദ്ധതിയുടെ ഭാഗമായ യുറേനിയം ശേഖരം പിടിച്ചെടുക്കുകയാണ് അടുത്ത ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ, ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി നിലപാട് കടുപ്പിച്ചതായാണ് റിപ്പോർട്ടുകൾ.
യുറേനിയം യുഎസിന് വിട്ടുകൊടുക്കില്ലെന്നും അത് ഇറാനിൽ തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സമാധാന ചർച്ചകളുടെ പശ്ചാത്തലത്തിൽ കുറഞ്ഞ രാജ്യാന്തര എണ്ണവില, പുതിയ സാഹചര്യത്തിൽ വീണ്ടും കുതിച്ചുയരുകയാണ്.
ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 1.81% ഉയർന്ന് 98.09 ഡോളറിലും ബ്രെന്റ് ക്രൂഡ് 2.25% വർധിച്ച് 104.9 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്. **ഉപാധികളുമായി ട്രംപും നെതന്യാഹുവും**
യുദ്ധം അവസാനിപ്പിക്കുന്നതിന് ട്രംപ് പ്രധാനമായും രണ്ട് ഉപാധികളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്: ഇറാന് ആണവായുധം സ്വന്തമാക്കാൻ അനുവാദം നൽകില്ലെന്നും, ആണവ പദ്ധതിക്കായി ശേഖരിച്ച യുറേനിയം യുഎസിന് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
കൂടാതെ, ഹോർമുസിലെ ഇറാന്റെ നിയന്ത്രണം അംഗീകരിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ആവശ്യങ്ങൾ ഇവയാണ്: ഇറാൻ ആണവ പദ്ധതികൾ ഉപേക്ഷിക്കണം, വിമത സംഘടനകൾക്കുള്ള പിന്തുണ പിൻവലിക്കണം, ബാലിസ്റ്റിക് മിസൈൽ നിർമാണം അവസാനിപ്പിക്കണം.
ഇതിനിടെ, യുഎസിന്റെ എംക്യു-9 റീപ്പർ ഡ്രോൺ ശേഖരത്തിന്റെ 20 ശതമാനത്തോളം ഇറാന്റെ പ്രത്യാക്രമണത്തിൽ തകർന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇതിലൂടെ യുഎസിന് ഏകദേശം 100 കോടി ഡോളറിന്റെ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കപ്പെടുന്നത്.
ചർച്ചകൾക്കായി പാക്കിസ്ഥാൻ ആഭ്യന്തരമന്ത്രി മൊഹ്സിൻ നഖ്വി ഇതിനകം ടെഹ്റാനിൽ എത്തിയിട്ടുണ്ട്. പാക്കിസ്ഥാൻ സംയുക്ത സേനാമേധാവി അസിം മുനീറും ഉടൻ ഇറാനിലെത്തുമെന്നാണ് വിവരം.
**വിപണിയിലെ പ്രതികരണം**
ഏഷ്യൻ വിപണികളിൽ നേരിയ ഉണർവ് പ്രകടമാണെങ്കിലും ഇന്ത്യൻ ഓഹരി വിപണിയിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. ഇന്നലെ നഷ്ടത്തോടെയാണ് സെൻസെക്സും നിഫ്റ്റിയും വ്യാപാരം അവസാനിപ്പിച്ചത്.
വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്പിഐ) ഇന്ത്യൻ ഓഹരികൾ തുടർച്ചയായി വിറ്റൊഴിയുന്നത് വിപണിക്ക് തിരിച്ചടിയാണ്. എണ്ണവിലയിലെ വർധനയും രൂപയുടെ മൂല്യത്തിൽ ഉണ്ടായേക്കാവുന്ന വ്യതിയാനങ്ങളും നിക്ഷേപകരിൽ ആശങ്കയുണ്ടാക്കുന്നു.
പണപ്പെരുപ്പം നിയന്ത്രിക്കാൻ റിസർവ് ബാങ്ക് ജൂൺ മുതൽ പലിശ നിരക്ക് ഉയർത്തിയേക്കുമെന്ന സൂചനകളും ഓഹരി വിപണിയെ ബാധിച്ചേക്കാം. സ്വർണവില നിലവിൽ അസ്ഥിരമായി തുടരുകയാണ്.
*നിരാകരണം: ഈ ലേഖനം ഓഹരി, കടപ്പത്രം, മ്യൂച്വൽ ഫണ്ട്, ക്രിപ്റ്റോകറൻസി, ഐപിഒ, സ്വർണം മുതലായവ വാങ്ങാനോ വിൽക്കാനോ ഉള്ള നിർദേശമോ ഉപദേശമോ അല്ല. ഇത്തരം നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് സ്വയം പഠനം നടത്തുകയോ വിദഗ്ധ ഉപദേശം തേടുകയോ ചെയ്യുക.*
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

