രണ്ടു പതിറ്റാണ്ടിലേറെയായി തൊഴിലിനായി അലയുന്ന ഭിന്നശേഷിക്കാരിയായ കാവശ്ശേരി കൊങ്ങാളക്കോട് ചെമ്പകശ്ശേരി ജ്യോതി (49) വീണ്ടും സമരപാതയിലേക്ക്. നീണ്ട
കാലത്തെ കാത്തിരിപ്പിനൊടുവിൽ 2013-ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഇടപെടലിനെത്തുടർന്ന് കേരള സ്റ്റേറ്റ് കൺസ്യൂമർ ഫെഡറേഷന്റെ കുഴൽമന്ദം ത്രിവേണി ഗോഡൗണിൽ സെയിൽസ് ഹെൽപർ തസ്തികയിൽ ഇവർക്ക് താൽക്കാലിക നിയമനം ലഭിച്ചിരുന്നു. ആറു മാസത്തേക്കായിരുന്നു നിയമനമെങ്കിലും, ഭിന്നശേഷി സംഘടനാ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന നിർദേശം അംഗീകരിക്കാത്തതിനെത്തുടർന്ന് കാലാവധി പൂർത്തിയാക്കും മുൻപേ തന്നെ പിരിച്ചുവിട്ടതായി ജ്യോതി വ്യക്തമാക്കി.
ജീവിത സാഹചര്യം അതീവ ദുഷ്കരമാണ്. അച്ഛൻ മരിച്ച് 35 വർഷത്തിന് ശേഷം കൂലിപ്പണിക്കാരിയായ അമ്മയും കൂടി മരണപ്പെട്ടതോടെ ജ്യോതി പൂർണമായും ഒറ്റയ്ക്കായി.
വിവാഹിതയാണെങ്കിലും ഭർത്താവുമായി അകന്നുകഴിയുന്ന ഇവർക്ക് കാര്യമായ വരുമാന മാർഗങ്ങളില്ല. കാലിനും കൈക്കും സ്വാധീനക്കുറവുള്ള ജ്യോതി പത്താം ക്ലാസ് വിദ്യാഭ്യാസത്തിന് ശേഷം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്ത് തൊഴിലിനായി കാത്തിരിക്കുകയായിരുന്നു.
കൺസ്യൂമർ ഫെഡിൽ നിന്ന് അകാരണമായി പിരിച്ചുവിട്ടതിനെതിരെ നേരത്തെ സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധിച്ചിരുന്നെങ്കിലും അധികൃതർ നടപടിയെടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഈ മാസം 25 മുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല ഉപവാസം ആരംഭിക്കാൻ ഇവർ തീരുമാനിച്ചിരിക്കുന്നത്.
നിലവിൽ തുച്ഛമായ പെൻഷൻ തുകയിൽ ജീവിക്കുന്ന ജ്യോതി, പഞ്ചായത്തും സന്നദ്ധസംഘടനയും ചേർന്ന് നൽകിയ നാല് സെന്റ് സ്ഥലത്തെ ചെറിയ വീട്ടിലാണ് താമസിക്കുന്നത്. പുതിയ സർക്കാർ വിഷയത്തിൽ അനുഭാവപൂർവമായ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഈ യുവതി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

