തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നിൽ സംഘടനാപരവും ഭരണപരവുമായ വീഴ്ചകൾ ഉണ്ടെന്ന വിമർശനങ്ങൾ പാർട്ടിക്കുള്ളിൽ ശക്തമാകുന്നതിനിടെ, തോൽവിയുടെ കാരണങ്ങൾ തേടുകയാണ് സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം. ന്യൂനപക്ഷ വർഗീയതയുടെ സ്വാധീനമാണ് യുഡിഎഫിന്റെ വിജയത്തിന് വഴിയൊരുക്കിയതെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് വ്യക്തമാക്കി.
“മതം നോക്കിയേ വോട്ട് ചെയ്യാൻ പാടുള്ളൂ, പള്ളിനോക്കിയേ വോട്ട് ചെയ്യാൻ പാടുള്ളൂവെന്ന് മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും പ്രചരിപ്പിച്ചു. ബിജെപി നൽകിയ സ്ട്രാറ്റജിക് വോട്ടിലൂടെയാണ് പയ്യന്നൂരിലും പേരാവൂരിലും യുഡിഎഫ് ജയിച്ചതെന്നും അദ്ദേഹം വിലയിരുത്തുന്നു.” ഇ.കെ.നായനാർ അനുസ്മരണ ചടങ്ങിലാണ് ഇതുസംബന്ധിച്ച പരാമർശങ്ങൾ ഉയർന്നത്.
ഇടതുപക്ഷത്തിന്റെ വളർച്ചയിൽ ആശങ്കാകുലരായ തീവ്രവലതുപക്ഷം ഇടതുപക്ഷത്തെ തകർക്കാൻ കൈകോർത്തതാണ് പരാജയത്തിന് കാരണമെന്ന് കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജൻ അഭിപ്രായപ്പെട്ടു. “10 വർഷം ഭരിച്ചവർ മാറട്ടെയെന്ന ചിന്തയാണു തോൽവിക്കു കാരണമെന്നാണ്” മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്.
കെ.കെ.രാഗേഷിന്റെ പരാമർശങ്ങളെ വർഗീയമായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് പിണറായി വിജയൻ ഇന്നലെ ആരോപിക്കുകയുണ്ടായി. പാർട്ടിയുടെ ഉന്നത നേതൃത്വത്തിന്റെ ശൈലിയും പ്രവർത്തനരീതികളും തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായെന്ന വിമർശനം അണികൾക്കിടയിൽ സജീവമാണ്.
ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ടുകൾക്ക് ശേഷം താഴെത്തട്ടിൽ ചർച്ചകൾ വരാനിരിക്കെ, വ്യക്തികേന്ദ്രീകൃതമായ വിമർശനങ്ങളുടെ മുനയൊടിക്കാനാണ് നേതൃത്വം ഇത്തരം വ്യാഖ്യാനങ്ങളിലൂടെ ശ്രമിക്കുന്നതെന്ന ആക്ഷേപവുമുണ്ട്. മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വോട്ടർമാരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടും ജില്ലയിൽ എൽഡിഎഫിന് 1.11 ലക്ഷം വോട്ടുകൾ കുറഞ്ഞത് ഗൗരവത്തോടെയാണ് പാർട്ടി പ്രവർത്തകർ കാണുന്നത്.
തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയങ്ങളും മട്ടന്നൂരിലെ കെ.കെ.ശൈലജയുടെ മാറ്റവും ഉൾപ്പെടെയുള്ള തീരുമാനങ്ങൾ പരാജയത്തിന് ആക്കം കൂട്ടിയെന്നാണ് പാർട്ടി പ്രവർത്തകരുടെ പൊതുവികാരം. പ്രവർത്തകരുടെ അഭിപ്രായങ്ങൾ മാനിക്കാതെ കൈക്കൊണ്ട
തീരുമാനങ്ങൾ തിരിച്ചടിയായെന്ന വികാരം ശക്തമായിരിക്കെ, നേതൃത്വം അവതരിപ്പിക്കുന്ന ഈ പുതിയ കാരണങ്ങൾ പാർട്ടിക്കുള്ളിൽ വരുംദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

