ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ബിഹാറിനും സ്വന്തം ടീം വേണമെന്ന ആവശ്യവുമായി വേദാന്ത ചെയർമാൻ അനിൽ അഗർവാൾ രംഗത്ത്. തമിഴ്നാടിന് ചെന്നൈ സൂപ്പർ കിങ്സും ബംഗാളിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഉള്ളതുപോലെ ബിഹാറിനും ഒരു ടീം അത്യാവശ്യമാണെന്ന് അദ്ദേഹം എക്സിലൂടെ ചൂണ്ടിക്കാട്ടി.
ബിഹാറിന്റെ മണ്ണ് ഇന്ത്യൻ ക്രിക്കറ്റിന് മികച്ച ഒട്ടേറെ പ്രതിഭകളെ സംഭാവന ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ പന്തുകളിൽ ഇരട്ട
സെഞ്ചറി നേടിയ ഇഷാൻ കിഷൻ, ഐപിഎല്ലിൽ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായ വൈഭവ് സൂര്യവംശി, സാകിബ് ഹുസൈൻ എന്നിവർ ബിഹാറിന്റെ സംഭാവനകളാണെന്ന് അനിൽ അഗർവാൾ വ്യക്തമാക്കി. ഇത്രയധികം പ്രതിഭകൾ ഉണ്ടായിട്ടും ബിഹാറിന്റെ ക്രിക്കറ്റിന് അർഹമായ പരിഗണനയും ഖ്യാതിയും ലഭിക്കുന്നില്ലെന്നത് നിരാശാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിഹാറിലെ യുവാക്കൾക്ക് കഴിവുതെളിയിക്കാൻ എല്ലാ പിന്തുണയും നൽകാൻ താൻ പ്രതിജ്ഞാബദ്ധനാണെന്നും, മികച്ച പ്രോത്സാഹനം ലഭിച്ചാൽ ലോകത്തിലെ ഏറ്റവും മികച്ച ടീമായി ബിഹാർ മാറുമെന്നും അനിൽ അഗർവാൾ അഭിപ്രായപ്പെട്ടു. ‘‘ബിഹാറിലെ യുവാക്കൾക്ക് വിവിധ മേഖലകളിൽ കഴിവുതെളിയിക്കാൻ എല്ലാ പിന്തുണയും നൽകാൻ ഞാൻ ശ്രദ്ധിക്കുന്നുണ്ട്.
മികച്ച പരിഗണനയും പ്രോത്സാഹനും ഉറപ്പാക്കിയാൽ ബിഹാറിൽ നിന്നുള്ള ടീം ലോകത്തെ ഏറ്റവും ബെസ്റ്റ് ആകും’’ – അനിൽ അഗർവാൾ പറഞ്ഞു. ബിഹാർ ക്രിക്കറ്റ് അസോസിയേഷനും താരങ്ങൾക്കും തന്റെ പൂർണ്ണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു.
അഗർവാളിന്റെ നിർദേശത്തെ സ്വാഗതം ചെയ്ത് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നത്. ബിഹാറിൽ രാജ്യാന്തര നിലവാരമുള്ള സ്റ്റേഡിയം നിർമിക്കുമോയെന്നും ക്രിക്കറ്റ് അക്കാഡമികൾ ആരംഭിക്കുമോയെന്നും ആരാധകർ ചോദിക്കുന്നു.
ടീം രൂപീകരണവുമായി ബന്ധപ്പെട്ട അണിയറനീക്കങ്ങൾ നടക്കുന്നുണ്ടോ എന്ന കാര്യത്തിൽ അഗർവാൾ കൂടുതൽ വ്യക്തത വരുത്തണമെന്നും ആവശ്യമുയരുന്നുണ്ട്.
മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ് മേഖലയിൽ പ്രവർത്തിക്കുന്ന വേദാന്ത ഗ്രൂപ്പിന്റെ ചെയർമാനാണ് അനിൽ അഗർവാൾ. കമ്പനിയുടെ ഓഹരികൾ എൻഎസ്ഇയിൽ നേരിയ നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

