ആഫ്രിക്കൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട എബോള വൈറസ് വ്യാപനത്തെ അതീവ ഗൗരവത്തോടെ കാണണമെന്ന് ലോകാരോഗ്യ സംഘടന (WHO) മുന്നറിയിപ്പ് നൽകി.
രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങൾക്ക് പുറത്തേക്കും വൈറസ് അതിവേഗം പടരാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കയിലെ ഡയറക്ടർ മുഹമ്മദ് യാക്കൂബ് ജനാബി വ്യക്തമാക്കി. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിറ്റേഴ്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“എബോള വ്യാപനത്തെ, പ്രത്യേകിച്ച് ബുണ്ടിബുഗ്യോ എന്ന വകഭേദത്തിൽപെട്ട വൈറസ് ആയതുകൊണ്ട് നിസ്സാരമായി കാണുന്നത് വലിയൊരു തെറ്റായിരിക്കും” എന്ന് യാക്കൂബ് ജനാബി അഭിപ്രായപ്പെട്ടു.
നിലവിൽ ഈ വകഭേദത്തിന് പ്രതിരോധ വാക്സിൻ ലഭ്യമല്ല. രാജ്യാന്തര തലത്തിൽ ഹാൻ്റ വൈറസിന് ലഭിച്ചത്ര ശ്രദ്ധ എബോളയ്ക്ക് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
“സമ്പർക്കത്തിലൂടെയുള്ള ഒരൊറ്റ കേസ് മതി നമ്മെയെല്ലാം അപകടത്തിലാക്കാൻ. അതിനാൽ എബോളയ്ക്ക് അർഹമായ ശ്രദ്ധ നൽകണമെന്നാണ് തന്റെ ആഗ്രഹവും പ്രാർത്ഥനയും” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം രോഗവ്യാപനത്തിന്റെ തോത് കൃത്യമായി മനസ്സിലാക്കുന്നതിന് തടസ്സമാകുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ പരിശോധനകൾ വർധിപ്പിക്കാനും, രോഗപ്രതിരോധ നടപടികൾ ഊർജിതമാക്കാനും, ജനപങ്കാളിത്തം ഉറപ്പുവരുത്താനും ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
രോഗവ്യാപനം എത്രകാലം നീണ്ടുനിൽക്കുമെന്ന് ഇപ്പോൾ പ്രവചിക്കാൻ കഴിയില്ലെന്നും, വിദഗ്ധർ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഉഗാണ്ട
എന്നീ രാജ്യങ്ങളിലാണ് എബോള വൈറസ് ബാധ ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. കോംഗോയിലെ ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ട
കണക്കുകൾ പ്രകാരം, 160 പേരുടെ മരണത്തിന് കാരണമായത് എബോള വൈറസ് ആണെന്ന് സംശയിക്കുന്നു. നിലവിൽ സ്ഥിരീകരിച്ച കേസുകൾ 61 ആണ്.
രോഗം സംശയിക്കുന്നവരുടെ എണ്ണം 670 ആയി ഉയർന്നിട്ടുണ്ട്. ഉഗാണ്ടയിൽ രണ്ട് കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്.
പരസ്പരം സഹകരിച്ചുകൊണ്ട് ഈ പ്രതിസന്ധിയെ നിയന്ത്രണവിധേയമാക്കാൻ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

