കൊയിലാണ്ടി പഴയ സ്റ്റാൻഡിന് മുന്നിൽ പ്രവർത്തിക്കുന്ന ‘ഒഫിക്സ് ഷവർമാ സ്റ്റാൾ’ എന്ന സ്ഥാപനത്തിന് ഭക്ഷ്യസുരക്ഷാ വകുപ്പ് രണ്ടു ദിവസത്തേക്ക് അടച്ചിടാൻ നോട്ടീസ് നൽകി. കടയിലേക്ക് വിതരണത്തിനായി എത്തിച്ച കോഴിയിറച്ചി തെരുവുനായ്ക്കൾ കടിച്ചുപറിച്ച സംഭവത്തെത്തുടർന്നാണ് നടപടി.
ഇന്നലെ രാവിലെയായിരുന്നു സംഭവം. കട
തുറക്കുന്നതിന് മുൻപായി പുറത്തുവെച്ചിരുന്ന കോഴിയിറച്ചിയാണ് നായ്ക്കൾ നശിപ്പിച്ചത്. താമരശ്ശേരിയിലെ ചിക്കൻ സെന്ററിൽ നിന്ന് എത്തിച്ച ഇറച്ചി, മൂടിയില്ലാത്ത പാത്രത്തിലാണ് കടയ്ക്ക് പുറത്ത് വെച്ചിരുന്നത്.
വിവരം അറിഞ്ഞ ഉടൻ ഭക്ഷ്യസുരക്ഷാ വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. ഡോ.
ശ്വേതാ വേലായുധൻ, അസിസ്റ്റന്റ് ഓഫിസർ കെ. അരവിന്ദ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ഗുരുതരമായി ലംഘിച്ചതിനെ തുടർന്നാണ് കട രണ്ടു ദിവസത്തേക്ക് അടച്ചിടാൻ ഉത്തരവിട്ടത്.
ചിക്കൻ വിതരണം നടത്തിയ താമരശ്ശേരിയിലെ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കുന്നതിനായി ജില്ലാ ഭക്ഷ്യ സുരക്ഷാ ഓഫിസർക്ക് റിപ്പോർട്ട് നൽകിയതായി ഡോ. ശ്വേതാ വേലായുധൻ അറിയിച്ചു.
കൊയിലാണ്ടിയിലെ മുഴുവൻ ഷവർമ കടകളിലും വരും ദിവസങ്ങളിൽ കർശന പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

