സംസ്ഥാന ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി നഗരസഭകളിലെ ഹരിതകർമസേന അംഗങ്ങളുടെ വരുമാനം വർധിപ്പിക്കുന്നതിനായി സമഗ്രമായ സംരംഭ വികസന പദ്ധതി സർക്കാർ ആവിഷ്കരിക്കുന്നു. ലോകബാങ്ക് ധനസഹായത്തോടെ നടപ്പാക്കുന്ന കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടിന്റെ (കെഎസ്ഡബ്ല്യുഎംപി) ഭാഗമായാണ് സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും ഈ പദ്ധതി നടപ്പിലാക്കുന്നത്.
നിലവിൽ യൂസർ ഫീസിനെ മാത്രം ആശ്രയിച്ചു കഴിയുന്ന ഹരിതകർമസേനാംഗങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പുതിയ സംരംഭങ്ങൾക്ക് തുടക്കമിടാനും ലക്ഷ്യമിട്ടാണ് സർക്കാർ പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.
ഹരിതകർമസേന കൺസോർഷ്യങ്ങളുടെ നേതൃത്വത്തിൽ ചെറുകിട സംരംഭക യൂണിറ്റുകൾ രൂപീകരിക്കുകയാണ് പദ്ധതിയുടെ പ്രഥമ ഘട്ടം.
പ്ലാസ്റ്റിക് ശേഖരണം, തരംതിരിക്കൽ, റീസൈക്ലിങ്, ക്ലീനിങ് യൂണിറ്റുകൾ, ജൈവവളം നിർമാണം, പുനരുപയോഗ മൂല്യവർധിത ഉൽപന്നങ്ങൾ, ഹോം കംപോസ്റ്റിങ് തുടങ്ങിയ മേഖലകളിൽ സംരംഭങ്ങൾ ആരംഭിക്കാൻ സേനാംഗങ്ങൾക്ക് അവസരമൊരുക്കും. ഇത്തരം യൂണിറ്റുകൾക്ക് എംഎസ്എംഇ റജിസ്ട്രേഷൻ നേടുന്നതിനും ബാങ്ക് വായ്പകൾ ഉൾപ്പെടെയുള്ള സാമ്പത്തിക സഹായങ്ങൾ ലഭ്യമാക്കുന്നതിനും സൗകര്യമൊരുക്കും.
സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള പ്രാരംഭ മൂലധനം, ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള സഹായം, ആറുമാസം വരെയുള്ള പ്രവർത്തന മൂലധനം (വർക്കിങ് ക്യാപിറ്റൽ), പരിശീലനം, സാങ്കേതിക പിന്തുണ എന്നിവ കെഎസ്ഡബ്ല്യുഎംപി വഴി ഉറപ്പാക്കും. പ്രാദേശിക സാഹചര്യങ്ങൾക്കനുസൃതമായ ബിസിനസ് മോഡലുകൾ നഗരസഭകൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.
സംരംഭങ്ങളുടെ നടത്തിപ്പ് നിരീക്ഷിക്കുന്നതിനായി നഗരസഭ തലത്തിൽ ജോയിന്റ് മോണിറ്ററിങ് കമ്മിറ്റികൾ പ്രവർത്തിക്കും. ബിസിനസ് മാനേജ്മെന്റ്, അക്കൗണ്ടിങ്, മാർക്കറ്റിങ്, ഉൽപന്ന വികസനം തുടങ്ങിയ വിഷയങ്ങളിൽ സേനാംഗങ്ങൾക്ക് പ്രത്യേക പരിശീലനം നൽകും.
ഉൽപന്നങ്ങളുടെ വിപണനത്തിനായി കുടുംബശ്രീ, ഹരിതകേരളം മിഷൻ തുടങ്ങിയ ഏജൻസികളുടെ സഹകരണവും ഉറപ്പാക്കും. ഈ പദ്ധതിയിലൂടെ ഹരിതകർമസേനാംഗങ്ങൾക്ക് സ്ഥിരതയുള്ള അധിക വരുമാനം ലഭിക്കുന്നതിനൊപ്പം നഗരങ്ങളിലെ മാലിന്യ സംസ്കരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനും സാധിക്കുമെന്ന് സർക്കാർ വിലയിരുത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

