ന്യൂഡൽഹിയിൽ ചേർന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗം, ക്യൂബയ്ക്കെതിരെ അമേരിക്ക സ്വീകരിക്കുന്ന നിലപാടുകളെ കടുത്ത ഭാഷയിൽ അപലപിച്ചു. ക്യൂബൻ വിപ്ലവ നേതാവ് റൗൾ കാസ്ട്രോയ്ക്കെതിരായ യുഎസ് കുറ്റപത്രം നിയമവിരുദ്ധമാണെന്നും, രാഷ്ട്രീയ പ്രേരിതമായ നീക്കമാണിതെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തി.
അമേരിക്കയുടെ ഇത്തരം ഭീഷണികൾക്കെതിരെ ഇന്ത്യൻ ജനത ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് പാർട്ടി ആഹ്വാനം ചെയ്തു. അതേസമയം, കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയം കേന്ദ്ര കമ്മിറ്റിയിൽ വിശദമായി ചർച്ചയായി.
ആരോഗ്യപരമായ കാരണങ്ങളാൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ യോഗത്തിൽ പങ്കെടുക്കാൻ ദില്ലിയിൽ എത്തിയില്ല. തിരഞ്ഞെടുപ്പ് ഫലം ഞെട്ടിപ്പിക്കുന്നതാണെന്നും തെറ്റുകൾ തിരുത്തുന്നതിൽ അതീവ ജാഗ്രത പുലർത്തണമെന്നുമാണ് പോളിറ്റ് ബ്യൂറോ കേന്ദ്ര കമ്മിറ്റിക്ക് നൽകിയ റിപ്പോർട്ടിലെ ഉള്ളടക്കം.
ഇന്ത്യയിൽ ഒരിടത്തും ഇടതുപക്ഷത്തിന് ഭരണമില്ലാത്ത സാഹചര്യത്തിലാണ് ഈ യോഗം ചേരുന്നത്. സംസ്ഥാന സർക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം പ്രകടമായിരുന്നില്ലെങ്കിലും, മാറ്റം ആഗ്രഹിച്ച ജനവികാരം തിരിച്ചറിയുന്നതിൽ പരാജയം സംഭവിച്ചതായി യോഗം വിലയിരുത്തി.
യുഡിഎഫിന്റെ പ്രചാരണങ്ങളെ ഫലപ്രദമായി നേരിടുന്നതിൽ പാളിച്ചകൾ സംഭവിച്ചതായും, സംഘടനാപരമായ ദൗർബല്യങ്ങൾ പരിഹരിക്കുന്നതിന് വിശാലമായ കൂടിയാലോചനകൾ അനിവാര്യമാണെന്നും നിരീക്ഷണം ഉയർന്നു. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലേറ്റ തിരിച്ചടിയും, കൂറുമാറിയുള്ള വിജയങ്ങളും ഗൗരവത്തോടെ പരിശോധിക്കണമെന്ന അഭിപ്രായം കമ്മിറ്റിയിൽ ശക്തമായി.
താഴെത്തട്ടു മുതൽ അണികളുടെ അഭിപ്രായം ശേഖരിക്കാൻ സംസ്ഥാന ഘടകം ഇതിനോടകം നടപടികൾ ആരംഭിച്ചിട്ടുണ്ട്. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി നിയമിച്ച തീരുമാനവും യോഗത്തിൽ ചർച്ചയായി.
ഭൂരിപക്ഷ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെടുത്തതെന്ന് ജനറൽ സെക്രട്ടറി വ്യക്തമാക്കി. ഈ വിഷയത്തിൽ ചില അംഗങ്ങൾ വിയോജിപ്പ് പ്രകടിപ്പിച്ചേക്കാമെങ്കിലും, തീരുമാനത്തിൽ ഇനി പുനഃപരിശോധനയുണ്ടാകില്ലെന്ന് നേതൃത്വം ഉറപ്പിച്ചു പറഞ്ഞു.
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ, കേരളത്തിൽ നിന്നുള്ള നേതാക്കൾക്കിടയിൽ നിലനിൽക്കുന്ന ഭിന്നാഭിപ്രായങ്ങൾ കേന്ദ്ര കമ്മിറ്റി യോഗത്തിലും നിഴലിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

