ദില്ലിയിൽ നടന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ ക്യൂബൻ വിപ്ലവ നേതാവ് റൗൾ കാസ്ട്രോയ്ക്കെതിരെ അമേരിക്ക ചുമത്തിയ കുറ്റപത്രത്തെ അപലപിച്ചുകൊണ്ട് പ്രമേയം പാസാക്കി. അമേരിക്കയുടെ നടപടി നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് കേന്ദ്ര കമ്മിറ്റി വിലയിരുത്തി.
ഈ നടപടിക്കെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ ഇന്ത്യൻ ജനതയോട് പാർട്ടി ആഹ്വാനം ചെയ്തു. അതേസമയം, കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയം യോഗത്തിൽ അതീവ ഗൗരവത്തോടെയാണ് ചർച്ച ചെയ്തത്.
പരാജയം ഞെട്ടിക്കുന്നതാണെന്നും അടിയന്തരമായി തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്ന പോളിറ്റ് ബ്യൂറോ റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നില്ലെങ്കിലും, ജനങ്ങളുടെ താല്പര്യങ്ങളിലെ മാറ്റം തിരിച്ചറിയുന്നതിൽ പാർട്ടി പരാജയപ്പെട്ടു.
യുഡിഎഫ് ഉയർത്തിയ രാഷ്ട്രീയ പ്രചാരണങ്ങളെ ഫലപ്രദമായി നേരിടാൻ സാധിച്ചില്ലെന്നും യോഗം നിരീക്ഷിച്ചു. പരമ്പരാഗത ശക്തികേന്ദ്രങ്ങളിലുണ്ടായ തിരിച്ചടിയും പാർട്ടി വിട്ടുപോയവരുടെ വിജയവും ഗൗരവത്തോടെ കാണുന്നുണ്ടെന്നും, താഴെത്തട്ടു മുതൽ പ്രവർത്തകരുടെ അഭിപ്രായങ്ങൾ ശേഖരിക്കാൻ നടപടികൾ ആരംഭിച്ചതായും സംസ്ഥാന ഘടകം അറിയിച്ചു.
ആരോഗ്യപ്രശ്നങ്ങൾ കാരണം കേരളത്തിലെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ യോഗത്തിൽ പങ്കെടുത്തില്ല. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് പോളിറ്റ് ബ്യൂറോയിൽ ഉയർന്ന അഭിപ്രായവ്യത്യാസങ്ങളും ചർച്ചയായി.
ഭൂരിപക്ഷ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് പിണറായിയെ പ്രതിപക്ഷ നേതാവാക്കിയതെന്ന് ജനറൽ സെക്രട്ടറി വിശദീകരിച്ചു. ഈ തീരുമാനത്തിൽ ഇനി പുനഃപരിശോധനയുണ്ടാകില്ലെന്ന് നേതൃത്വം വ്യക്തമാക്കി.
രാജ്യത്ത് ഇടതുപക്ഷ ഭരണം ഇല്ലാത്ത സാഹചര്യത്തിൽ നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾക്കിടയിലെ ഭിന്നാഭിപ്രായങ്ങൾ നിഴലിച്ചു നിന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

