ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി കാവനാട് ആൽത്തറമൂടിന് സമീപം ചെപ്പള്ളിമുക്കിൽ നിർമിച്ചുവരുന്ന മേൽപാലത്തിൽ വിള്ളലുകൾ കണ്ടെത്തിയ സംഭവത്തിൽ ജില്ലാ കലക്ടർ എൻ.ദേവിദാസ് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. വിള്ളലുകൾ രൂപപ്പെട്ടതിന്റെ ശാസ്ത്രീയ കാരണങ്ങൾ പരിശോധിക്കുന്നതിനായി നാലംഗ സമിതിയെ നിയോഗിച്ച കലക്ടർ, അന്തിമതീരുമാനം ഉണ്ടാകുന്നത് വരെ മേൽപാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന് കരാറുകാർക്ക് കർശന നിർദേശം നൽകി.
പൊതുമരാമത്ത് ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ, റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ, ജില്ലാ ജിയോളജിസ്റ്റ്, ഗ്രൗണ്ട് വാട്ടർ വിഭാഗം ജില്ലാ മേധാവി എന്നിവരടങ്ങുന്ന വിദഗ്ധ സമിതിയാണ് പരിശോധന നടത്തുന്നത്. രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
ഈ റിപ്പോർട്ട് തുടർനടപടികൾക്കായി സർക്കാരിന് കൈമാറും. സ്ഥലം നേരിട്ട് സന്ദർശിച്ച ശേഷമാണ് കലക്ടർ നടപടികൾ സ്വീകരിച്ചത്.
മന്ത്രി ഷിബു ബേബിജോണും വിഷയത്തിൽ നേരത്തെ ഇടപെട്ടിരുന്നു. പരിശോധനാ വേളയിൽ നിർമാണ കമ്പനി പ്രതിനിധികൾ, ദേശീയപാത ഉദ്യോഗസ്ഥർ, കൗൺസിലർ ദീപു ഗംഗാധരൻ, മുൻ കൗൺസിലർ എം.പുഷ്പാംഗദൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കാവനാട് ആൽത്തറമൂട്ടിൽ നിന്ന് കടവൂർ ഭാഗത്തേക്കുള്ള പാതയിൽ ഏകദേശം 100 മീറ്റർ നീളത്തിലാണ് ആദ്യം വിള്ളലുകൾ ശ്രദ്ധയിൽപ്പെട്ടത്. ഗതാഗതത്തിനായി തുറന്നുകൊടുക്കാത്ത ഈ ഭാഗത്ത് കാൽനടയാത്രക്കാരാണ് ആദ്യം വിള്ളലുകൾ കണ്ടെത്തിയത്.
പിന്നാലെ പാതയുടെ മറുഭാഗത്തും സമാനമായ വിള്ളലുകൾ ദൃശ്യമായി. ടാർ ഉപയോഗിച്ച് വിള്ളലുകൾ അടയ്ക്കാൻ കരാർ കമ്പനി നടത്തിയ ശ്രമങ്ങൾ പരാജയപ്പെടുകയും വിടവ് കൂടുതൽ വികസിക്കുകയും ചെയ്തു.
തുടർന്ന്, ഒരടി താഴ്ചയിൽ റോഡ് പൊളിച്ചുപണിയാനുള്ള കമ്പനിയുടെ നീക്കം കൗൺസിലർ ദീപു ഗംഗാധരന്റെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. കാവനാട് മുതൽ ശക്തികുളങ്ങര വരെ തൂണുകളിൽ മേൽപാലം നിർമിക്കണമെന്ന ആവശ്യമാണ് പ്രദേശവാസികൾ ഇപ്പോൾ ശക്തമായി ഉന്നയിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

