ദേശീയപാത 66-ൽ കാവനാട് ആൽത്തറമൂടിന് സമീപം ചെപ്പള്ളിമുക്കിലെ ഉയരപ്പാതയിൽ കണ്ടെത്തിയ അപകടകരമായ വിള്ളലിനെക്കുറിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്ടർ എൻ.ദേവിദാസ് നാലംഗ സംഘത്തെ നിയോഗിച്ചു. വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുന്നത് വരെ സ്ഥലത്തെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ കരാറുകാർക്ക് കലക്ടർ കർശന നിർദേശം നൽകി.
പൊതുമരാമത്ത് ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ, റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ, ജില്ലാ ജിയോളജിസ്റ്റ്, ഗ്രൗണ്ട് വാട്ടർ വിഭാഗം ജില്ലാ മേധാവി എന്നിവരടങ്ങുന്ന സമിതിയാണ് പരിശോധന നടത്തുക. രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
ഈ റിപ്പോർട്ട് തുടർനടപടികൾക്കായി സർക്കാരിലേക്ക് അയക്കും. വിള്ളൽ ഉണ്ടായ സ്ഥലം നേരിട്ട് സന്ദർശിച്ചതിന് ശേഷമാണ് കലക്ടർ സമിതിയെ ചുമതലപ്പെടുത്തിയത്.
മന്ത്രി ഷിബു ബേബിജോണും വിഷയത്തിൽ ഇടപെടലുകൾ നടത്തിയിരുന്നു. നിർമാണ കമ്പനി പ്രതിനിധികൾ, ദേശീയപാത ഉദ്യോഗസ്ഥർ, കൗൺസിലർ ദീപു ഗംഗാധരൻ, മുൻകൗൺസിലർ എം.പുഷ്പാംഗദൻ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.
കാവനാട് ആൽത്തറമൂട്ടിൽ നിന്ന് കടവൂർ ഭാഗത്തേക്കുള്ള പാതയിൽ ഏകദേശം 100 മീറ്റർ നീളത്തിലാണ് ആദ്യഘട്ടത്തിൽ വിള്ളൽ ദൃശ്യമായത്. ഗതാഗതത്തിനായി തുറന്നു കൊടുക്കാത്ത ഭാഗത്ത് കാൽനട
യാത്രക്കാരാണ് ഇത് ആദ്യം ശ്രദ്ധിച്ചത്. പിന്നീട് പാതയുടെ എതിർവശത്തും വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു.
കരാർ കമ്പനി ടാർ ഉപയോഗിച്ച് വിള്ളലുകൾ അടയ്ക്കാൻ ശ്രമിച്ചെങ്കിലും വിടവ് വർധിക്കുകയാണ് ഉണ്ടായത്. തുടർന്ന് ഒരടി താഴ്ചയിൽ റോഡ് പൊളിച്ചു പണിയാനുള്ള നീക്കം കൗൺസിലർ ദീപു ഗംഗാധരന്റെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു.
കാവനാട് മുതൽ ശക്തികുളങ്ങര വരെ തൂണുകളിൽ മേൽപാലം നിർമിക്കണമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

