പാവറട്ടിയിൽ അതിഥിത്തൊഴിലാളികൾ നടത്തിയ പെട്ടെന്നുള്ള പണിമുടക്ക് നിർമാണ മേഖലയിൽ വലിയ പ്രതിസന്ധിക്ക് കാരണമായി. ഇന്നലെ രാവിലെ പാവറട്ടി ബസ് സ്റ്റാൻഡ് പരിസരത്താണ് സംഭവം.
വിവിധയിടങ്ങളിൽ നിന്നും ജോലിക്കായി ഒത്തുചേരുന്ന തൊഴിലാളികൾ, ഹെൽപർമാർക്ക് 1400 രൂപ കൂലി നൽകണമെന്ന് ആവശ്യപ്പെട്ടാണ് സമരരംഗത്തിറങ്ങിയത്. ആവശ്യപ്പെട്ട
തുക നൽകാതെ ജോലിക്ക് തയ്യാറല്ലെന്ന് ഇവർ കർശന നിലപാടെടുത്തു. നിലവിലെ നിരക്കിൽ ജോലി ചെയ്യാൻ എത്തിയ ചില തൊഴിലാളികളെ സമരക്കാർ തടഞ്ഞതോടെ പ്രദേശത്ത് നേരിയ തോതിൽ സംഘർഷാവസ്ഥ രൂപപ്പെട്ടു.
വിവരമറിഞ്ഞ് പാവറട്ടി പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. പശ്ചിമബംഗാളിൽ നിന്നുള്ള തൊഴിലാളികളാണ് സമരത്തിന് നേതൃത്വം നൽകിയത്.
പൊലീസ് സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെ ഇവർ പിരിഞ്ഞുപോയി. നിലവിൽ വിദഗ്ധ തൊഴിലാളികൾക്ക് 1100 രൂപയും ഹെൽപ്പർമാർക്ക് 900 മുതൽ 950 രൂപ വരെയുമാണ് കൂലിയായി നൽകുന്നത്.
തിരഞ്ഞെടുപ്പ് പ്രമാണിച്ച് നാട്ടിൽ പോയി തിരിച്ചെത്തിയവരാണ് അമിത കൂലി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. നിർമാണ മേഖലയിലെ തൊഴിലാളി ക്ഷാമം മുതലെടുത്താണ് ഇവർ ഇത്തരമൊരു നിലപാടെടുക്കുന്നതെന്ന് കരാറുകാർ ആരോപിക്കുന്നു.
നിർമാണ സാമഗ്രികളുടെ വിലക്കയറ്റം മൂലം മേഖലയാകെ തളർച്ചയിലാണെന്ന് വിഷയത്തിൽ പ്രതിഷേധത്തിന് നേതൃത്വം നൽകിയ കരാറുകാരനായ സാംസൺ ചിരിയങ്കണ്ടത്ത് പറഞ്ഞു. “നിർമാണ സാമഗ്രികളുടെ വിലക്കയറ്റം മൂലം നിർമാണ മേഖല തളർച്ചയിലാണെന്നും ഹെൽപർക്ക് ഭീമമായ കൂലി നൽകിയാൽ തൊഴിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാകുമെന്നും” അദ്ദേഹം വ്യക്തമാക്കി.
വിഷയത്തിൽ പഞ്ചായത്ത് അധികൃതരും പൊലീസും അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്ന് കരാറുകാരും തൊഴിലുടമകളും ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

