തളിപ്പറമ്പ് സിപിഐഎം ഏരിയ കമ്മിറ്റി യോഗത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് പരാജയം മുൻകൂട്ടി കണ്ട് നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയിട്ടും സ്ഥാനാർഥി നിർണ്ണയത്തിൽ മാറ്റം വരുത്താൻ തയ്യാറായില്ലെന്ന് യോഗത്തിൽ ആരോപണമുയർന്നു.
പി കെ ശ്യാമളയ്ക്ക് ജനങ്ങൾക്കിടയിൽ സ്വീകാര്യതയില്ലെന്നും, എം വി ഗോവിന്ദന്റെയും പി കെ ശ്യാമളയുടെയും ശൈലിയും ശരീരഭാഷയും ഒരേപോലെയാണെന്നും വിമർശകർ ചൂണ്ടിക്കാട്ടി. ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെതിരെയും കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.
ബ്രാഞ്ച് സെക്രട്ടറി പദവിയിൽ പോലും പ്രവർത്തിപരിചയമില്ലാത്ത ഒരാൾ ജില്ലാ സെക്രട്ടറിയായി വന്നത് പാർട്ടിയുടെ തിരിച്ചടിക്ക് കാരണമായതായി അംഗങ്ങൾ അഭിപ്രായപ്പെട്ടു. ഓഫീസിലെ ജീവനക്കാരുടെ ഇടപെടലുകൾ വോട്ടുകൾ കുറയുന്നതിന് വഴിവെച്ചുവെന്നും, കണ്ണൂരിൽ നടന്ന ‘ഹാപ്പിനെസ്സ് ഫെസ്റ്റിവൽ’ സംഘാടനം ജനങ്ങൾക്കിടയിൽ പാർട്ടിക്കെതിരെ അവമതിപ്പുണ്ടാക്കിയെന്നും യോഗത്തിൽ വിലയിരുത്തലുകൾ ഉണ്ടായി.
സംസ്ഥാന നേതൃത്വത്തിനെതിരെയും വിമർശനങ്ങൾ ശക്തമാണ്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവായി തുടരുന്ന സാഹചര്യത്തിൽ പാർട്ടിയുടെ തിരിച്ചുവരവ് അസാധ്യമാണെന്നും, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായ “ഡാഷ് മോൻ പരാമർശം” വൻ തിരിച്ചടിയായെന്നും അഭിപ്രായമുയർന്നു.
കെ കെ ശൈലജയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നുവെന്നാണ് ഒരു വിഭാഗം പ്രവർത്തകരുടെ നിലപാട്. കാസർഗോഡ് തൃക്കരിപ്പൂർ ഏരിയ കമ്മിറ്റി യോഗത്തിലും നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ഉയർന്നു.
കണ്ണൂർ ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്നും, കെ കെ രാഗേഷിനെ “നേതാക്കളുടെ പെട്ടി താങ്ങി വന്ന അമൂൽ ബേബി” എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. പി ജയരാജന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ, കെ കെ ശൈലജയും പി ജയരാജനും നേതൃത്വത്തിലേക്ക് വരണമെന്ന ആവശ്യവും ശക്തമായി.
എം വി ഗോവിന്ദൻ പങ്കെടുക്കുന്ന പരിപാടികൾ ബഹിഷ്കരിക്കുമെന്ന് ചില അംഗങ്ങൾ യോഗത്തിൽ നിലപാടെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

