സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സ്കൂൾ വിപണിയിൽ വൻ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. ഇത്തവണ വിദ്യാർത്ഥികളെ ആകർഷിക്കുന്ന വൈവിധ്യമാർന്ന ഡിസൈനുകളും നൂതന സാങ്കേതികവിദ്യയും സമന്വയിപ്പിച്ച പഠനോപകരണങ്ങൾക്കാണ് വിപണിയിൽ മുൻതൂക്കം ലഭിക്കുന്നത്.
സ്കൂൾ ബാഗുകൾ, കുടകൾ, ലഞ്ച് ബോക്സുകൾ, വാട്ടർ ബോട്ടിലുകൾ, സ്റ്റേഷനറി സാധനങ്ങൾ എന്നിവ വാങ്ങാനായി വലിയ ജനക്കൂട്ടമാണ് കടകളിലേക്ക് എത്തുന്നത്. ഉപഭോക്താക്കളെ ആകർഷിക്കാനായി പ്രമുഖ സൂപ്പർമാർക്കറ്റുകൾ ഇതിനോടകം പ്രത്യേക കൗണ്ടറുകൾ സജ്ജമാക്കുകയും ആകർഷകമായ ഓഫറുകൾ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ഇത്തവണത്തെ വിപണിയിലെ പ്രധാന ആകർഷണം ഡിജിറ്റൽ പെൻസിൽ ബോക്സുകളാണ്. “പെൻസിൽ ബോക്സിന്റെ ഡിസ്പ്ലേയിൽ എഴുതാനും വരയ്ക്കാനും സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.
എഴുതുന്നത് മായ്ച്ചുകളയാൻ പ്രത്യേക ബട്ടണും നൽകിയിട്ടുണ്ട്.” 150 രൂപ മുതലാണ് ഇവയുടെ വിപണന വില ആരംഭിക്കുന്നത്. സ്കൂൾ ബാഗുകൾ 300 രൂപ മുതലുള്ള നിരക്കിൽ ലഭ്യമാണ്.
മാർവൽ സൂപ്പർ ഹീറോകളുടെയും ഡിസ്നി കഥാപാത്രങ്ങളുടെയും ചിത്രങ്ങൾ പതിച്ച ബാഗുകൾക്കാണ് വിദ്യാർത്ഥികൾക്കിടയിൽ കൂടുതൽ പ്രിയം. വിപണിയിൽ ലഭ്യമായ ബ്രാൻഡഡ് ഉൽപന്നങ്ങൾക്ക് പുറമെ, മുതിർന്ന വിദ്യാർത്ഥികൾക്കുള്ള ബാഗുകൾക്ക് 1500 രൂപ മുതലാണ് വില നിശ്ചയിച്ചിരിക്കുന്നത്.
കുടകളുടെ കാര്യത്തിലും പുതുമകൾ ദൃശ്യമാണ്; വിവിധ വർണങ്ങളിൽ ചിത്രങ്ങൾ പതിച്ച കുടകൾക്ക് 250 രൂപ മുതലാണ് വില ഈടാക്കുന്നത്. കൂടാതെ, 250 രൂപ മുതലുള്ള ലഞ്ച് ബോക്സുകളും, 100 രൂപ മുതലുള്ള വാട്ടർ ബോട്ടിലുകളും, 30 രൂപ മുതലുള്ള സാധാരണ പെൻസിൽ ബോക്സുകളും വിപണിയിൽ സുലഭമാണ്.
ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയുള്ള വിൽപനയും വ്യാപകമായി നടക്കുന്നുണ്ട്. അതേസമയം, വിദ്യാലയങ്ങൾ വഴി നേരിട്ട് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതും ഓൺലൈൻ വ്യാപാരത്തിലെ വർദ്ധനയും ചെറുകിട
കച്ചവടക്കാരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. എങ്കിലും, വരും ദിവസങ്ങളിൽ വിപണി കൂടുതൽ സജീവമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

