സംസ്ഥാനത്തെ പ്രമുഖ കന്നുകാലിച്ചന്തകളിലൊന്നായ വാണിയംകുളത്ത് പെരുന്നാൾ പ്രമാണിച്ച് വൻ വിപണന മുന്നേറ്റം. വ്യാഴാഴ്ച മാത്രം കോടിക്കണക്കിന് രൂപയുടെ കച്ചവടമാണ് ചന്തയിൽ നടന്നത്.
സാധാരണ ദിവസങ്ങളിൽ 35 ലോഡ് കന്നുകാലികൾ എത്തുന്ന സ്ഥാനത്ത് ഇത്തവണ 63 ലോഡുകൾ വരെ എത്തിയത് വിപണിയുടെ കരുത്ത് വെളിവാക്കുന്നു. അയൽ സംസ്ഥാനങ്ങളിൽ നിന്നും കന്നുകാലികളുടെ വരവ് വർധിച്ചതും, അതിനനുസരിച്ചുള്ള ആവശ്യക്കാരുടെ സാന്നിധ്യവുമാണ് വിപണിയിൽ ഉണർവേകിയത്.
മലപ്പുറം, കോഴിക്കോട്, തൃശൂർ തുടങ്ങിയ ജില്ലകളിൽ നിന്നുള്ള വ്യാപാരികളും വാങ്ങുന്നവരും ചന്തയിൽ വൻതോതിൽ എത്തിച്ചേർന്നു. ആന്ധ്രപ്രദേശ്, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ കന്നുകാലികളെ എത്തിച്ചത്.
കഴിഞ്ഞ പെരുന്നാൾ കാലയളവിനെ അപേക്ഷിച്ച് മികച്ച വ്യാപാരമാണ് ഇത്തവണ രേഖപ്പെടുത്തിയത്. തിങ്കൾ, ബുധൻ ദിവസങ്ങളിൽ ചന്തയിൽ ഇടച്ചന്തകളും നടക്കുമെന്ന് അധികൃതർ അറിയിച്ചു.
ചന്തയിലെ പ്രധാന ആകർഷണമായി മാറിയത് നെല്ലിക്കുറിശ്ശി സ്വദേശിയായ ഷഫീർ വിൽപനയ്ക്കെത്തിച്ച പത്തുലക്ഷം രൂപ വിലമതിക്കുന്ന മുറ ഇനത്തിൽപെട്ട പോത്താണ്.
മൂന്നുദിവസം മുൻപാണ് ഈ പോത്തിനെ മഹാരാഷ്ട്രയിൽ നിന്ന് എത്തിച്ചത്. മുന്നൂറു കിലോയിലധികം തൂക്കമുള്ള ഈ ഭീമൻ പോത്തിന് എട്ടുലക്ഷം രൂപ വരെ കച്ചവടക്കാർ വില പറഞ്ഞെങ്കിലും ഉടമ വിൽക്കാൻ തയ്യാറായില്ല.
പോത്തിനെ കാണാനായി നിരവധി ആളുകളാണ് ചന്തയിൽ തടിച്ചുകൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

