തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ പുനർനിർമാണ പദ്ധതി മാസങ്ങൾ പിന്നിട്ടിട്ടും കടലാസിൽ മാത്രം. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും നിർമാണ പ്രവർത്തനങ്ങൾ ഒരിഞ്ചുപോലും മുന്നോട്ട് പോയിട്ടില്ലാത്തത് യാത്രക്കാരെയും ജീവനക്കാരെയും കടുത്ത ദുരിതത്തിലാഴ്ത്തുന്നു.
മാർച്ച് 7-ന് അന്നത്തെ ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ്കുമാറാണ് ടെർമിനൽ നിർമാണോദ്ഘാടനം നിർവഹിച്ചത്. ഉടൻ നിർമാണം പൂർത്തിയാക്കുമെന്ന വാഗ്ദാനം നൽകിയാണ് നിലവിലുണ്ടായിരുന്ന സ്റ്റാൻഡ് പൊളിച്ചുമാറ്റിയത്.
എന്നാൽ, പദ്ധതി യാഥാർഥ്യമാക്കുന്നതിന് പകരം പഴയ കെട്ടിടം പൊളിച്ചു മാറ്റിയതോടെ യാത്രക്കാരുടെ ദുരിതം വർധിക്കുകയാണുണ്ടായത്. ആകെ 20 കോടി രൂപ ചെലവിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ബസ് ടെർമിനൽ നിർമിക്കാനായിരുന്നു പദ്ധതി.
പി.ബാലചന്ദ്രൻ എംഎൽഎയുടെ വികസന ഫണ്ടിൽ നിന്ന് 7 കോടി രൂപയും, നവകേരള സദസ്സ് ഫണ്ടിൽ നിന്ന് 5 കോടി രൂപയും, ആസ്തി വികസന ഫണ്ടിൽ നിന്ന് 2.5 കോടി രൂപയും ഉൾപ്പെടെയുള്ള തുക വിനിയോഗിക്കാനായിരുന്നു തീരുമാനം. തൃശൂരിന്റെ സാംസ്കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന മൂന്നുനില കെട്ടിടം, 24 ബസുകൾക്ക് ഒരേസമയം പാർക്ക് ചെയ്യാവുന്ന സൗകര്യം, റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ആകാശപ്പാത, കന്റീൻ, ശുചിമുറി സമുച്ചയം, വെയിറ്റിങ് ഏരിയ, മുലയൂട്ടൽ കേന്ദ്രം എന്നിവയായിരുന്നു പ്രഖ്യാപിച്ച സൗകര്യങ്ങൾ.
അതേസമയം, തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രതീകാത്മക ഉദ്ഘാടനം മാത്രമായിരുന്നു ഇതെന്ന ആരോപണം ശക്തമാണ്. നിർമാണത്തിനായുള്ള ടെൻഡർ നടപടികൾ പോലും ഇതുവരെ പൂർത്തിയായിട്ടില്ല എന്നത് ഗുരുതരമായ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
നിലവിൽ കെഎസ്ആർടിസി ഓഫീസ് പ്രവർത്തിക്കുന്നത് ശക്തൻ സ്റ്റാൻഡിലാണ്. ഐഒസി പെട്രോൾ പമ്പിന്റെ സാന്നിധ്യം ബസുകളുടെ സുഗമമായ ഗതാഗതത്തെയും പാർക്കിംഗിനെയും സാരമായി ബാധിക്കുന്നുണ്ട്.
പ്രതിദിനം 1200-ഓളം ബസുകൾ വന്നുപോകുന്ന ഈ സ്റ്റാൻഡിൽ, ജീവൻ പണയം വെച്ചാണ് യാത്രക്കാർ സഞ്ചരിക്കുന്നത്. തിരക്കേറിയ റോഡിൽ വാഹനങ്ങൾ അനിയന്ത്രിതമായി പാർക്ക് ചെയ്യുന്നത് വലിയ ഗതാഗത തടസ്സങ്ങൾക്കും കാരണമാകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

