സംസ്ഥാനത്തെ പ്രമുഖ കന്നുകാലിച്ചന്തകളിലൊന്നായ വാണിയംകുളത്ത് പെരുന്നാൾ വിപണിയിൽ വൻ തിരക്ക് അനുഭവപ്പെടുന്നു. വ്യാഴാഴ്ച മാത്രം കോടിക്കണക്കിന് രൂപയുടെ വിനിമയമാണ് ചന്തയിൽ നടന്നത്.
സാധാരണ ദിവസങ്ങളിൽ 35 ലോഡ് കന്നുകാലികൾ എത്തിയിരുന്ന സ്ഥാനത്ത്, ഇത്തവണ 63 ലോഡ് വരെ കന്നുകാലികളാണ് വിപണിയിലെത്തിയത്. അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള കന്നുകാലികളുടെ വരവ് വർധിച്ചതും, കച്ചവടക്കാരുടെയും ഉപഭോക്താക്കളുടെയും സാന്നിധ്യം കൂടിയതും വിപണിക്ക് വലിയ ഉണർവേകി.
മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ നിന്നുള്ളവരാണ് കന്നുകാലികളെ വാങ്ങാനായി പ്രധാനമായും എത്തിയത്. ആന്ധ്രപ്രദേശ്, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ മൃഗങ്ങൾ ചന്തയിലെത്തിയത്.
കഴിഞ്ഞ പെരുന്നാൾ സീസണുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ മികച്ച വ്യാപാരമാണ് നടന്നതെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു. വരും ദിവസങ്ങളിൽ തിങ്കൾ, ബുധൻ ദിവസങ്ങളിൽ ചന്തയിൽ ഇടച്ചന്തകൾ ഉണ്ടായിരിക്കും.
ചന്തയിലെ പ്രധാന ആകർഷണമായി മാറിയത് നെല്ലിക്കുറിശ്ശി സ്വദേശിയായ ഷഫീർ വിൽപനയ്ക്കെത്തിച്ച ഭീമൻ പോത്താണ്. പത്തുലക്ഷം രൂപ വിലമതിക്കുന്ന ഈ പോത്തിനെ മഹാരാഷ്ട്രയിൽ നിന്ന് മൂന്നു ദിവസം മുൻപാണ് വാണിയംകുളത്ത് എത്തിച്ചത്.
മുറ ഇനത്തിൽപെട്ട ഈ പോത്തിന് 8 ലക്ഷം രൂപ വരെ കച്ചവടക്കാർ വില പറഞ്ഞെങ്കിലും ഉടമ വിൽക്കാൻ തയ്യാറായില്ല.
3000 കിലോയിലധികം ഭാരമുള്ള ഈ പോത്തിനെ കാണാൻ ചന്തയിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

