ആലപ്പുഴ ജില്ലാക്കോടതി പാലത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുന്നത് പൊതുജനങ്ങളെ വലിയ തോതിൽ പ്രതിസന്ധിയിലാക്കുന്നു. നിർമ്മാണത്തിനായി വഴിതിരിച്ചുവിട്ട
സർവീസ് റോഡുകൾ തകർന്നുകിടക്കുന്നതിനാൽ യാത്രക്കാർ ഏറെ വലയുകയാണ്. വടക്കേക്കരയിലും തെക്കേക്കരയിലും ഗതാഗതത്തിനായി തുറന്നുകൊടുത്ത പാതകൾ കല്ലും ചെളിയും നിറഞ്ഞ് അപകടക്കെണിയായി മാറിയിരിക്കുന്നു.
എസ്ഡിവി സ്കൂൾ മുതൽ മുനിസിപ്പൽ ലൈബ്രറി വരെയുള്ള സർവീസ് റോഡിലെ ടൈലുകളും കല്ലുകളും ഇളകിമാറിയ നിലയിലാണ്. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്.
റോഡ് സഞ്ചാരയോഗ്യമാക്കുമെന്ന് മുൻ ഭരണസമിതിയും നിലവിലെ നഗരസഭാധികൃതരും പലതവണ ഉറപ്പുനൽകിയിരുന്നെങ്കിലും നടപടികളൊന്നും സ്വീകരിച്ചില്ല. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തിരക്കിട്ട് തുറന്നുകൊടുത്ത തെക്കേക്കരയിലെ മുല്ലയ്ക്കൽ മുതൽ അലുക്കാസ് വരെയുള്ള ഭാഗങ്ങളിലും, മുല്ലയ്ക്കൽ മുതൽ ചെത്തുതൊഴിലാളി യൂണിയൻ ഓഫിസ് വരെയുള്ള ഭാഗങ്ങളിലും സ്ഥിതി സമാനമാണ്.
മൂന്ന് മീറ്റർ വീതിയിൽ ഒരുക്കിയ ഈ റോഡുകളിൽ വലിയ കുഴികളും നിർമ്മാണാവശിഷ്ടങ്ങളും നിറഞ്ഞിരിക്കുന്നു. മഴ കനത്തതോടെ റോഡുകൾ ചെളിക്കുളമായി മാറിയിരിക്കുകയാണ്.
ഇതിനുപുറമെ, മുല്ലയ്ക്കൽ ജംക്ഷനിൽ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടിയത് യാത്രക്കാർക്ക് കൂടുതൽ ദുരിതമായി. ഭാരമേറിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ സർവീസ് റോഡിന് അടിയിലൂടെയുള്ള പൈപ്പ് ലൈനുകൾക്ക് കേടുപാടുകൾ സംഭവിക്കുമെന്ന് വ്യാപാരികൾ ആശങ്ക പ്രകടിപ്പിക്കുന്നു.
പാലം നിർമ്മാണം പൂർത്തിയാകും വരെ പൈപ്പ് ലൈൻ വഴിയുള്ള വിതരണത്തിന് ബദൽ സംവിധാനം ഒരുക്കണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം, ജില്ലാക്കോടതി പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോൾ പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്.
മാർച്ച് മുതൽ വേഗത കുറഞ്ഞ നിർമ്മാണം ഏപ്രിൽ ആദ്യം മുതൽ സ്തംഭിച്ചു. കരാർ കമ്പനിയിലെ നൂറിലധികം അതിഥി തൊഴിലാളികൾ വോട്ട് ചെയ്യാനായി പശ്ചിമ ബംഗാളിലേക്ക് പോയ ശേഷം ഇതുവരെ തിരികെ എത്തിയിട്ടില്ല.
കിഫ്ബി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള നിസ്സംഗതയും നിർമ്മാണ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്ന് ആക്ഷേപമുണ്ട്. കരാർ കമ്പനിയും കിഫ്ബി അധികൃതരും അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

