യൂറോപ്പിലെ യു.എസ് സൈനിക വിന്യാസത്തിൽ സമൂലമായ മാറ്റങ്ങൾ വരുത്തുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതിന്റെ ഭാഗമായി 5,000 അമേരിക്കൻ സൈനികരെക്കൂടി പോളണ്ടിലേക്ക് വിന്യസിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് പോളണ്ടിലേക്കുള്ള സൈനിക വിഭാഗത്തിന്റെ നീക്കം തടഞ്ഞ് ഒരാഴ്ച പിന്നിടുന്നതിനിടെയാണ് ട്രംപിന്റെ അപ്രതീക്ഷിത പ്രഖ്യാപനം പുറത്തുവരുന്നത്. ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് നടത്തിയ പരാമർശങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച ട്രംപ്, ഈ മാസം ജർമ്മനിയിൽ നിന്ന് 5,000 സൈനികരെ പിൻവലിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് പോളണ്ടിലേക്കുള്ള പുതിയ നീക്കം. കഴിഞ്ഞ ഓഗസ്റ്റിൽ അധികാരമേറ്റ പോളണ്ട് പ്രസിഡന്റ് കരോൾ നാവ്റോക്കിയുമായുള്ള നയതന്ത്ര ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ട്രംപ് വിശദീകരിച്ചു.
ട്രംപിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത നാവ്റോക്കി, “പോളിഷ് ഭവനങ്ങളുടെയും മുഴുവൻ യൂറോപ്പിന്റെയും സുരക്ഷയുടെ സുപ്രധാന തൂണാണ് യു.എസ്-പോളണ്ട് സഖ്യം” എന്ന് പ്രതികരിച്ചു. ഇറാൻ വിഷയത്തിൽ നാറ്റോ സഖ്യകക്ഷികളുടെ നിലപാടിൽ ട്രംപ് നേരത്തെ തന്നെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
അതിനിടെ, സ്വീഡനിൽ നടക്കുന്ന നാറ്റോ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പങ്കെടുക്കുന്നുണ്ട്. ട്രംപിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതിനൊപ്പം, സ്വയംപര്യാപ്തമായ യൂറോപ്പും ശക്തമായ നാറ്റോയുമാണ് ലക്ഷ്യമെന്ന് നാറ്റോ മേധാവി മാർക്ക് റൂട്ടെ വ്യക്തമാക്കി.
2022-ലെ റഷ്യൻ അധിനിവേശത്തിന് ശേഷം പാശ്ചാത്യ സൈനിക സഹായങ്ങൾ യുക്രൈനിലേക്ക് എത്തിക്കുന്നതിൽ നിർണ്ണായക പങ്കാണ് പോളണ്ട് വഹിക്കുന്നത്. 2023-ൽ പോളണ്ടിൽ യു.എസ് ആർമി ഗാരിസൺ സ്ഥാപിക്കുകയും സൈനികരുടെ എണ്ണം പതിനായിരമായി വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു.
ഇതിനിടെ, യൂറോപ്പിലേക്കുള്ള രണ്ട് സൈനിക വിന്യാസങ്ങൾ റദ്ദാക്കിയും വിവിധ ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് നേരത്തെ കൈക്കൊണ്ട തീരുമാനങ്ങൾ അന്താരാഷ്ട്ര തലത്തിൽ ചർച്ചയായിരുന്നു.
പോളണ്ട്, ബാൾട്ടിക് രാജ്യങ്ങൾ, റൊമാനിയ എന്നിവിടങ്ങളിലേക്ക് വിന്യസിക്കാൻ നിശ്ചയിച്ചിരുന്ന യൂനിറ്റുകളെ അയക്കാനുള്ള പദ്ധതിയാണ് അദ്ദേഹം തടഞ്ഞിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

