ഉഡുപ്പി മണിപ്പാലിലെ വാടകവീട്ടിൽ യുവതിയെ ഗുരുതരമായ പരിക്കുകളോടെ അബോധാവസ്ഥയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മണിപ്പാലിൽ ജോലി ചെയ്യുന്ന അങ്കോള ഖേനി സ്വദേശിനി സുഷമ അന്നപ്പ നായിക്ക് (31) ആണ് മണിപ്പാൽ പൊലീസിന്റെ പിടിയിലായത്.
അങ്കോള സ്വദേശിനിയായ യോഗിതയ്ക്കാണ് ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. മോഷണശ്രമത്തിനിടെയാണ് പ്രതി യോഗിതയെ ആക്രമിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
ഈ മാസം 12-ന് രാത്രി ഷിഫ്റ്റ് ജോലി കഴിഞ്ഞു മടങ്ങിയെത്തിയ സഹവാസികളാണ് യോഗിതയെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്നും യോഗിത ധരിച്ചിരുന്ന സ്വർണമാലയും കമ്മലുകളും നഷ്ടപ്പെട്ടതായി കണ്ടെത്തിയിരുന്നു.
സിമന്റ് കട്ട ഉപയോഗിച്ച് തലയ്ക്കടിച്ചാണ് പ്രതി യോഗിതയെ അബോധാവസ്ഥയിലാക്കിയതെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു.
സംഭവശേഷം പരിഭ്രാന്തി ഒഴിവാക്കുന്നതിനായി പ്രതിയായ സുഷമ, യോഗിതയെ ആശുപത്രിയിൽ എത്തിക്കാൻ മറ്റുള്ളവർക്കൊപ്പം സജീവമായി രംഗത്തുണ്ടായിരുന്നു. എന്നാൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണം സുഷമയിലേക്ക് എത്തുകയായിരുന്നു.
സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിനായി മോഷണം നടത്തിയെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പ്രതിയിൽ നിന്ന് മോഷണം പോയ സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

