കേന്ദ്രസർക്കാരിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ (ആർബിഐ) നിന്ന് ഇത്തവണ റെക്കോർഡ് തുക ലാഭവിഹിതമായി ലഭിക്കുമെന്ന് സൂചന. ഈ സാമ്പത്തിക വർഷം 2.9 ലക്ഷം കോടി രൂപ മുതൽ 3.2 ലക്ഷം കോടി രൂപ വരെ കേന്ദ്രത്തിന് കൈമാറാനാണ് സാധ്യത തെളിയുന്നത്.
റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയുടെ അധ്യക്ഷതയിൽ ഇന്ന് ചേരുന്ന സെൻട്രൽ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളും. കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ ആർബിഐ നൽകുന്ന വിഹിതത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്.
2024–25 സാമ്പത്തിക വർഷത്തിൽ 2.7 ലക്ഷം കോടി രൂപയാണ് സർക്കാരിന് ലഭിച്ചത്. 2023–24ൽ 2.11 ലക്ഷം കോടി രൂപയും, 2022–23ൽ 87,416 കോടി രൂപയും, 2018–19ൽ 1.76 ലക്ഷം കോടി രൂപയുമായിരുന്നു മുൻ വർഷങ്ങളിൽ കൈമാറിയ വിഹിതം.
പൊതുമേഖലാ ബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്ന് ആകെ 3.16 ലക്ഷം കോടി രൂപയുടെ വരുമാനമാണ് കേന്ദ്രസർക്കാർ ഇത്തവണ ലക്ഷ്യമിടുന്നത്. ആർബിഐയിൽ നിന്ന് ലഭിക്കുന്ന ഈ ഉയർന്ന വിഹിതം രാജ്യത്തിന്റെ ധനക്കമ്മി നിയന്ത്രണവിധേയമാക്കുന്നതിൽ നിർണായക പങ്ക് വഹിക്കും.
വിദേശ കടപ്പത്രങ്ങളിൽ നിന്നുള്ള പലിശ, ഡോളർ വിൽപന വഴിയുള്ള ലാഭം, സർക്കാർ ബോണ്ടുകളിലെ പലിശ എന്നിവയാണ് ആർബിഐയുടെ പ്രധാന വരുമാന സ്രോതസ്സുകൾ. പ്രവർത്തന ചെലവുകൾക്കും കരുതൽ ധനത്തിനും ശേഷം ബാക്കി വരുന്ന തുകയാണ് സർക്കാരിന് കൈമാറുന്നത്.
ജിഡിപിയുടെ 0.1 മുതൽ 0.4 ശതമാനം വരെയാണ് സാധാരണയായി കൈമാറാറുള്ളതെങ്കിലും, സമീപകാലത്തായി ഇത് 0.55 ശതമാനം വരെയായി വർധിച്ചിട്ടുണ്ട്. നിലവിലെ ആഗോള സാമ്പത്തിക സാഹചര്യത്തിൽ ഈ ലാഭവിഹിതം കേന്ദ്രത്തിന് വലിയ ആശ്വാസമാണ്.
ഇറാൻ-യുഎസ് സംഘർഷത്തെത്തുടർന്ന് ക്രൂഡോയിൽ വില ബാരലിന് 100 ഡോളർ കടന്നത് രാജ്യത്തിന്റെ സാമ്പത്തിക ചെലവുകൾ വർധിപ്പിച്ചിരുന്നു. വ്യാപാര കമ്മിയിലുണ്ടായ വർധനയും വിദേശനാണ്യ ശേഖരത്തിലെ ഇടിവും ആശങ്കയുയർത്തുന്ന ഘടകങ്ങളാണ്.
ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 96 എന്ന നിലയിലെത്തിയ സാഹചര്യത്തിൽ, സ്വർണം വാങ്ങുന്നത് കുറയ്ക്കാൻ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് അഭ്യർത്ഥിച്ചിരുന്നു. രാജ്യാന്തര വിപണിയിലെ ഉയർന്ന അടിസ്ഥാന പലിശ നിരക്കും സ്വർണത്തിന്റെ വില വർധനവും ആർബിഐയുടെ നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം ഗണ്യമായി ഉയർത്തിയിട്ടുണ്ട്.
രൂപയുടെ വിനിമയ നിരക്ക് സ്ഥിരപ്പെടുത്താനായി നടത്തിയ ഡോളർ വിൽപനയും ബാങ്കിന് നേട്ടമായി. 2024-25 സാമ്പത്തിക വർഷാവസാനത്തെ കണക്കുപ്രകാരം 76.25 ലക്ഷം കോടി രൂപയുടെ നീക്കിയിരുപ്പാണ് ആർബിഐക്കുണ്ടായിരുന്നത്.
ഇത് വരും കാലങ്ങളിൽ ഇനിയും വർധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

