ആലപ്പുഴ ജില്ലാക്കോടതി പാലത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾക്കായി ഗതാഗതം വഴിതിരിച്ചുവിട്ട തെക്കേക്കര, വടക്കേക്കര റോഡുകൾ ശോച്യാവസ്ഥയിലായി.
അറ്റകുറ്റപ്പണികൾ നടത്താത്തതിനെത്തുടർന്ന് റോഡുകൾ പൂർണ്ണമായും തകർന്ന നിലയിലാണ്. കല്ലുകളും ചെളിയും നിറഞ്ഞ് വലിയ കുഴികൾ രൂപപ്പെട്ടതോടെ ഈ വഴികളിലൂടെയുള്ള ഗതാഗതം അതീവ ദുഷ്കരമായി മാറിയിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് കാലയളവിൽ തിരക്കിട്ട് തുറന്നു കൊടുത്ത തെക്കേക്കരയിലെ റോഡുകളുടെ കാര്യത്തിൽ പിന്നീട് കിഫ്ബി ഉദ്യോഗസ്ഥരോ കരാർ കമ്പനിയോ യാതൊരുവിധ നടപടികളും സ്വീകരിച്ചിട്ടില്ല. എസ്ഡിവി സ്കൂൾ മുതൽ മുനിസിപ്പൽ ലൈബ്രറി വരെയുള്ള സർവീസ് റോഡിന്റെ സുരക്ഷിതത്വമില്ലായ്മ സംബന്ധിച്ച് വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
റോഡ് സഞ്ചാരയോഗ്യമാക്കുമെന്ന് അന്നത്തെ നഗരസഭാ അധികൃതരും, തുടർന്ന് നിലവിലെ ഭരണസമിതിയും ഉറപ്പുനൽകിയെങ്കിലും സ്ഥിതിഗതികളിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. തകർന്ന ടൈലുകളും വലിയ കല്ലുകളും കാരണം ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായിരിക്കുകയാണ്.
മുല്ലയ്ക്കൽ മുതൽ അലുക്കാസ് വരെയും, മുല്ലയ്ക്കൽ മുതൽ ചെത്തുതൊഴിലാളി യൂണിയൻ ഓഫിസ് വരെയുമുള്ള പാതകളുടെ അവസ്ഥയും സമാനമാണ്. വ്യാപാരികളുടെയും റെസിഡന്റ്സ് അസോസിയേഷനുകളുടെയും നേതൃത്വത്തിൽ നടത്തിയ ശക്തമായ പ്രക്ഷോഭത്തിനൊടുവിലാണ് മൂന്നു മീറ്റർ വീതിയിൽ ഈ സർവീസ് റോഡ് അനുവദിച്ചത്.
എന്നാൽ, മഴയെത്തുടർന്ന് കല്ലും കമ്പിയും നിറഞ്ഞ പാതയിൽ ചെളി നിറഞ്ഞത് യാത്രക്കാർക്ക് വലിയ ഭീഷണിയായി. ഇതിനിടയിൽ പൈപ്പ് ലൈൻ കൂടി പൊട്ടിയതോടെ സ്ഥിതി കൂടുതൽ വഷളായി.
സർവീസ് റോഡിന്റെ അടിയിലൂടെയുള്ള കുടിവെള്ള പൈപ്പ് ലൈൻ ഭാരവാഹനങ്ങളുടെ ഗതാഗതം മൂലം തകരാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ ആശങ്ക പ്രകടിപ്പിക്കുന്നു. പാലം നിർമാണം പൂർത്തിയാകും വരെ പൈപ്പ് ലൈൻ വഴി വെള്ളം വിതരണം ചെയ്യുന്നതിന് പകരം സംവിധാനങ്ങൾ ഒരുക്കണമെന്നാണ് ഇവരുടെ ആവശ്യം.
അതേസമയം, പാലം നിർമാണപ്രവർത്തനങ്ങൾ ഒച്ചിഴയുന്ന വേഗത്തിലാണ് പുരോഗമിക്കുന്നത്. മാർച്ച് മുതൽ മന്ദഗതിയിലായ നിർമാണം ഏപ്രിൽ മാസം മുതൽ പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്.
കരാർ കമ്പനിയിലെ അതിഥിത്തൊഴിലാളികളിൽ ഭൂരിഭാഗവും വോട്ട് രേഖപ്പെടുത്തുന്നതിനായി പശ്ചിമ ബംഗാളിലേക്ക് പോയ ശേഷം തിരികെ എത്തിയിട്ടില്ല. കൂടാതെ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട
ഭരണപരമായ മാറ്റങ്ങളും കിഫ്ബി ഉദ്യോഗസ്ഥരുടെ നിസ്സംഗതയും നിർമാണ പ്രവർത്തനങ്ങൾ സ്തംഭിക്കാൻ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

