പുനർനിർമാണത്തിന്റെ ഭാഗമായി പൊളിച്ചുനീക്കിയ തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ നിർമാണ പ്രവർത്തനങ്ങൾ മാസങ്ങൾ പിന്നിട്ടിട്ടും പൂർത്തീകരിക്കാനാവാതെ അനിശ്ചിതത്വത്തിൽ തുടരുന്നു. കഴിഞ്ഞ മാർച്ച് 7-ന് അന്നത്തെ ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാറാണ് ടെർമിനൽ നിർമാണോദ്ഘാടനം നിർവഹിച്ചത്.
അതിവേഗം നിർമാണം പൂർത്തിയാക്കുമെന്ന അധികൃതരുടെ ഉറപ്പ് പാഴ്വാക്കായി മാറുകയും, പദ്ധതി പ്രാഥമിക ഘട്ടത്തിൽ പോലും എത്താതെ സ്തംഭിക്കുകയും ചെയ്തതോടെ യാത്രക്കാരും ജീവനക്കാരും കടുത്ത ദുരിതത്തിലാണ്. 20 കോടി രൂപ ചെലവിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ ബസ് ടെർമിനൽ നിർമിക്കാനായിരുന്നു തീരുമാനം.
എംഎൽഎ വികസന ഫണ്ടിൽ നിന്ന് 7 കോടി രൂപ, നവകേരള സദസ്സ് ഫണ്ടിൽ നിന്ന് 5 കോടി രൂപ, ആസ്തി വികസന ഫണ്ടിൽ നിന്ന് 2.5 കോടി രൂപ എന്നിങ്ങനെ വിവിധ സ്രോതസ്സുകളിൽ നിന്നായി തുക വകയിരുത്തിയിരുന്നു. തൃശൂരിന്റെ സാംസ്കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന മൂന്നു നില കെട്ടിടം, 24 ബസുകൾക്ക് ഒരേസമയം പാർക്ക് ചെയ്യാവുന്ന സൗകര്യം, റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ആകാശപ്പാത, കന്റീൻ, ശുചിമുറി സമുച്ചയം, വെയിറ്റിങ് ഏരിയ, മുലയൂട്ടൽ കേന്ദ്രം തുടങ്ങിയവയായിരുന്നു പ്രധാന വാഗ്ദാനങ്ങൾ.
എങ്കിലും, ഉദ്ഘാടനം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള കേവലം പ്രഹസനമായിരുന്നുവെന്ന ആക്ഷേപം ശക്തമാണ്. പൊളിക്കൽ ജോലികൾ പൂർത്തിയാക്കിയതല്ലാതെ, നിർമാണ പ്രവർത്തനങ്ങൾക്കായി ടെൻഡർ നടപടികൾ പോലും ഇതുവരെ പൂർത്തിയായിട്ടില്ല.
കെഎസ്ആർടിസി ഓഫിസ് താൽക്കാലികമായി ശക്തൻ സ്റ്റാൻഡിലേക്കാണ് മാറ്റിയിരിക്കുന്നത്. ഇവിടെയുള്ള ഐഒസി പെട്രോൾ പമ്പിന്റെ സാന്നിധ്യം ബസുകളുടെ സുഗമമായ സഞ്ചാരത്തിന് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്.
പാർക്കിങ്ങിന് ആവശ്യമായ സ്ഥലം ലഭ്യമല്ലാത്തതും ഗുരുതരമായ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ദിവസവും 1200-ലധികം ബസുകൾ സർവീസ് നടത്തുന്ന ഈ സ്റ്റാൻഡിൽ, യാത്രക്കാർ ജീവൻ പണയം വെച്ചാണ് പ്രവേശിക്കുന്നത്.
തിരക്കേറിയ റോഡിൽ ചെറുവാഹനങ്ങൾ അനിയന്ത്രിതമായി പാർക്ക് ചെയ്യുന്നത് മേഖലയിലെ ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

