മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ട വിദ്യാർഥികൾ മന്ത്രി ടി.
സിദ്ദീഖുമായി വിഡിയോ കോളിലൂടെ സംവദിച്ചു. തങ്ങളുടെ ദുരിതകാലത്ത് കൂടെനിന്ന മന്ത്രിയെ ഉന്നത പദവിയിൽ കാണാൻ സാധിച്ചതിലുള്ള സന്തോഷം വിദ്യാർഥികൾ പങ്കുവെച്ചു.
“ആരുമില്ലാത്തപ്പോൾ താങ്ങും തണലുമായി കൂടെനിന്ന പ്രിയപ്പെട്ടവർ ഉയരങ്ങളിലെത്തുമ്പോൾ അത് ഞങ്ങളുടെ കൂടി വിജയമാണ്. ടൗൺഷിപ് ഉദ്ഘാടനവേളയിലെ കൂവൽ ഞങ്ങളുടെ കണ്ണുനിറച്ചിരുന്നു.
എന്നാൽ ഇപ്പോൾ ഈ മന്ത്രിക്കസേരയിൽ അങ്ങയെ കാണുമ്പോൾ മനസ്സ് നിറയുകയാണ്”- വിദ്യാർഥികൾ വിഡിയോ കോളിനിടെ മന്ത്രി ടി. സിദ്ദീഖിനോട് പറഞ്ഞു.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും നിരവധി വിദ്യാർഥികളാണ് മന്ത്രിക്ക് ആശംസകളുമായി വിഡിയോ കോളിൽ പങ്കെടുത്തത്. ദുരന്തത്തെ അതിജീവിച്ച് മുന്നേറുന്ന വിദ്യാർഥികൾ സമൂഹത്തിന് വലിയ മാതൃകയാണെന്ന് മന്ത്രി ടി.
സിദ്ദീഖ് വ്യക്തമാക്കി. ഉരുൾപൊട്ടലിനെത്തുടർന്ന് പഠനം വഴിമുട്ടിയ 152 വിദ്യാർഥികൾക്ക് ‘എംഎൽഎ കെയർ’ പദ്ധതി വഴി മന്ത്രി പ്രത്യേക പരിരക്ഷ ഉറപ്പാക്കിയിരുന്നു.
വിവിധ ബിസിനസ് ഗ്രൂപ്പുകളുമായി സഹകരിച്ച് സിഎസ്ആർ ഫണ്ടുകൾ ഉപയോഗപ്പെടുത്തിയാണ് ഈ വിദ്യാർഥികളുടെ പഠനച്ചെലവ് പൂർണമായും ലഭ്യമാക്കിയത്. ഇതിലൂടെ മെഡിക്കൽ, എൻജിനീയറിങ്, ഏവിയേഷൻ തുടങ്ങിയ മേഖലകളിൽ വിദ്യാർഥികൾക്ക് തടസ്സമില്ലാതെ പഠനം പൂർത്തിയാക്കാൻ കഴിഞ്ഞു.
പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് തൊഴിൽ ലഭ്യമാക്കാൻ സാധിച്ചതായും, നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്ക് കോഴ്സ് പൂർത്തിയാകുന്ന മുറയ്ക്ക് തൊഴിൽ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. നിലവിൽ ജില്ലയിൽ 351 വിദ്യാർഥികൾ ‘എംഎൽഎ കെയർ’ പദ്ധതിയിലൂടെ ഉന്നത വിദ്യാഭ്യാസം നേടിവരികയാണ്.
കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഈ പദ്ധതിയിലൂടെ 21 പേർക്ക് തൊഴിൽ ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

