പേരാമ്പ്ര ചെറുവണ്ണൂർ കക്കറ മുക്കിൽ കാർ കത്തി ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. യുവതി ആത്മഹത്യ ചെയ്തതാണെന്ന പൊലീസിന്റെ പ്രാഥമിക നിഗമനങ്ങളെ പൂർണ്ണമായും തള്ളിക്കളയുകയാണ് കുടുംബം.
പെട്രോൾ പമ്പിൽ നിന്നും ഇന്ധനം വാങ്ങിയത് സോനയാണെങ്കിലും, അവൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് സോനയുടെ മാതാവ് വസന്ത ഉറപ്പിച്ചു പറയുന്നു. പെട്രോൾ രജിൻ ലാൽ നിർബന്ധപൂർവം വാങ്ങിപ്പിച്ചതാകാം എന്ന സംശയമാണ് മാതാവ് ഉന്നയിക്കുന്നത്.
സംഭവ ദിവസം രാവിലെ 10.30-ന് സോന താനുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും, യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്ന് അവൾ അന്ന് അറിയിച്ചിരുന്നുവെന്നും വസന്ത വ്യക്തമാക്കി. രണ്ട് ദിവസത്തിനുള്ളിൽ വീട്ടിലേക്ക് വരുമെന്ന് പറഞ്ഞിരുന്നതായും അവർ കൂട്ടിച്ചേർത്തു.
ഗർഭകാലത്തെ ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്ന് രണ്ട് മാസമായി പാലേരിയിലെ വീട്ടിലായിരുന്ന സോന, ഭർത്താവ് രജിൻ ലാൽ ഗൾഫിൽ നിന്ന് തിരിച്ചെത്തിയ ശേഷമാണ് തിരികെ പോയത്. കേസ് വഴിതിരിച്ചുവിടാൻ ശ്രമം നടക്കുന്നുണ്ടെന്നും മകൾക്ക് നീതി ലഭിക്കണമെന്നും മാതാവ് ആവശ്യപ്പെട്ടു.
അതേസമയം, സംഭവത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന രജിൻ ലാലിന്റെ പിതാവ് രാജൻ കുടുംബത്തിന്റെ ആരോപണങ്ങളെ പ്രതിരോധിച്ചു. മകന്റെ മേൽ കുറ്റം കെട്ടിവെക്കാൻ ശ്രമം നടക്കുന്നുവെന്ന് രാജൻ ആരോപിച്ചു.
“സോന ഒരിക്കലും അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല. പെട്രോൾ വാങ്ങി അവളെയും മകനെയും കാറും കത്തിക്കാനാണ് ശ്രമിച്ചത്” എന്ന് അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

