സംസ്ഥാന ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി നഗരസഭകളിൽ പ്രവർത്തിക്കുന്ന ഹരിതകർമസേനാംഗങ്ങളുടെ വരുമാനം ഉയർത്തുന്നതിനായി പ്രത്യേക സംരംഭകത്വ വികസന പദ്ധതി സർക്കാർ ആവിഷ്കരിക്കുന്നു. ലോകബാങ്ക് ധനസഹായത്തോടെ കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടിന്റെ (കെഎസ്ഡബ്ല്യുഎംപി) കീഴിൽ സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും ഈ പദ്ധതി നടപ്പിലാക്കും.
ഹരിതകർമസേനാംഗങ്ങളുടെ നിലവിലെ വരുമാനത്തിൽ വർധനവ് ഉറപ്പാക്കുന്നതിനൊപ്പം, മാലിന്യ സംസ്കരണ മേഖലയിൽ നൂതന സംരംഭങ്ങൾക്ക് തുടക്കമിടാൻ അവരെ പ്രാപ്തരാക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട
പുതുക്കിയ മാർഗനിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചു. ഹരിതകർമസേന കൺസോർഷ്യങ്ങളുടെ നേതൃത്വത്തിൽ ചെറുകിട
സംരംഭക യൂണിറ്റുകൾ രൂപീകരിക്കാനാണ് തീരുമാനം. പ്ലാസ്റ്റിക് ശേഖരണം, തരംതിരിക്കൽ, റീസൈക്ലിങ്, ജൈവവള നിർമാണം, ക്ലീനിങ് സേവനങ്ങൾ, പുനരുപയോഗ ഉൽപന്നങ്ങളുടെ നിർമാണം, ഹോം കംപോസ്റ്റിങ് യൂണിറ്റുകൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഈ പദ്ധതി വഴി വഴിയൊരുങ്ങും.
ഇത്തരം സംരംഭങ്ങൾക്ക് എംഎസ്എംഇ റജിസ്ട്രേഷൻ കരസ്ഥമാക്കുന്നതിനും ബാങ്ക് വായ്പകൾ ഉൾപ്പെടെയുള്ള സാമ്പത്തിക സഹായങ്ങൾ ലഭ്യമാക്കുന്നതിനും അവസരമുണ്ടാകും. പ്രാരംഭ മൂലധനം, ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള സഹായം, ആറുമാസം വരെയുള്ള പ്രവർത്തന മൂലധനം (വർക്കിങ് ക്യാപ്പിറ്റൽ), സാങ്കേതിക പിന്തുണ എന്നിവ കെഎസ്ഡബ്ല്യുഎംപി വഴി ലഭ്യമാക്കും.
അതത് നഗരസഭകളിലെ പ്രാദേശിക ആവശ്യങ്ങൾക്കും സേനാംഗങ്ങളുടെ താൽപര്യങ്ങൾക്കും അനുസൃതമായ ബിസിനസ് മോഡലുകൾ തിരഞ്ഞെടുക്കാൻ നഗരസഭകൾക്ക് അധികാരം ഉണ്ടായിരിക്കും. പദ്ധതിയുടെ നടത്തിപ്പ് വിലയിരുത്തുന്നതിനും നിരീക്ഷിക്കുന്നതിനുമായി നഗരസഭതലത്തിൽ ജോയിന്റ് മോണിറ്ററിങ് കമ്മിറ്റികൾ രൂപീകരിക്കും.
സംരംഭങ്ങളുടെ വിജയകരമായ നടത്തിപ്പിനായി ബിസിനസ് മാനേജ്മെന്റ്, മാർക്കറ്റിങ്, അക്കൗണ്ടിങ്, ഉൽപന്ന വികസനം എന്നിവയിൽ സേനാംഗങ്ങൾക്ക് വിദഗ്ധ പരിശീലനം നൽകും. ഉൽപന്നങ്ങളുടെ വിപണനം സുഗമമാക്കാൻ കുടുംബശ്രീ, ഹരിതകേരളം മിഷൻ തുടങ്ങിയ ഏജൻസികളുമായി സഹകരിച്ച് പ്രവർത്തിക്കും.
നിലവിൽ യൂസർ ഫീസിനെ മാത്രം ആശ്രയിക്കുന്ന ഹരിതകർമസേനാംഗങ്ങൾക്ക് സ്ഥിരവും മെച്ചപ്പെട്ടതുമായ അധിക വരുമാനം ലഭ്യമാക്കുക വഴി നഗര മാലിന്യ സംസ്കരണ സംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

