പേരാമ്പ്ര ചെറുവണ്ണൂർ കക്കറ മുക്കിൽ കാറിനുള്ളിൽ ഗർഭിണിയായ യുവതി വെന്തുമരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച സോനയുടെ കുടുംബം രംഗത്തെത്തി.
സോന ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും, സംഭവത്തിന് പിന്നിൽ അസ്വാഭാവികമായ മറ്റെന്തോ നടന്നിട്ടുണ്ടെന്നുമാണ് കുടുംബത്തിന്റെ ഉറച്ച നിലപാട്. പേരാമ്പ്രയിലെ ഇന്ധന പമ്പിൽ നിന്ന് പെട്രോൾ വാങ്ങിയത് സോനയാണെങ്കിലും, അത് രജിൻ ലാൽ നിർബന്ധിച്ചതുകൊണ്ടാകാം എന്നാണ് സോനയുടെ അമ്മ വസന്തയുടെ സംശയം.
മകൾക്ക് ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവുമില്ലെന്ന് അവർ വ്യക്തമാക്കി.
“സംഭവം നടന്ന ദിവസം രാവിലെ 10.30ന് സോന തന്നെ വിളിച്ചിരുന്നു. എന്തെങ്കിലും വിഷയം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്.
2 ദിവസം കഴിഞ്ഞ് വീട്ടിലേക്ക് വരുമെന്നും പറഞ്ഞിരുന്നു. ഗർഭിണിയായ ശേഷം ചില ശാരീരിക അസ്വസ്ഥത ഉണ്ടായിരുന്നു.
അതിനാലായിരുന്നു 2 മാസം പാലേരിയിലെ വീട്ടിൽ നിർത്തിയത്. രജിൻ ലാൽ ഗൾഫിൽ നിന്നു വന്ന ശേഷം കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
കേസ് വഴിതിരിച്ചു വിടാനുള്ള ശ്രമമാണ് നടക്കുന്നത്. തന്റെ മകൾക്ക് നീതി കിട്ടണം” – വസന്ത മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, യുവതിയുടെ കുടുംബത്തിന്റെ ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കൊണ്ട് രജിൻ ലാലിന്റെ പിതാവ് രാജൻ രംഗത്തെത്തി. തന്റെ മകനെ കേസിൽ കുടുക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
“സോന ഒരിക്കലും അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല. പെട്രോൾ വാങ്ങി അവളെയും മകനെയും കാറും കത്തിക്കാനാണ് ശ്രമിച്ചത്” – രാജൻ പറഞ്ഞു.
പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ ചികിത്സയിലാണ് രജിൻ ലാൽ. ഇരുഭാഗത്തുനിന്നും ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ, പോലീസ് അന്വേഷണം കൂടുതൽ ശക്തമാക്കാനാണ് സാധ്യത.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

