പേരാമ്പ്ര ചെറുവണ്ണൂർ കക്കറ മുക്കിൽ കാർ കത്തി ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. യുവതിയുടേത് ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് നിലവിൽ പൊലീസ് എത്തിയിട്ടുള്ളതെങ്കിലും, മരിച്ച സോനയുടെ കുടുംബം ഈ വാദം പൂർണ്ണമായും നിരാകരിക്കുകയാണ്.
സംഭവദിവസം പേരാമ്പ്രയിലെ പെട്രോൾ പമ്പിൽ നിന്നും ഇന്ധനം വാങ്ങിയത് സോനയാണെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും, മകൾ ആത്മഹത്യ ചെയ്യില്ലെന്ന ഉറച്ച നിലപാടിലാണ് സോനയുടെ മാതാവ് വസന്ത. പെട്രോൾ രജിൻ ലാൽ നിർബന്ധിച്ച് വാങ്ങിപ്പിച്ചതാകാനാണ് സാധ്യതയെന്നും വസന്ത സംശയം പ്രകടിപ്പിക്കുന്നു.
സംഭവദിവസം രാവിലെ 10.30-ന് സോന താനുമായി ഫോണിൽ സംസാരിച്ചിരുന്നതായും, യാതൊരു അസ്വാഭാവികതയും അന്ന് തോന്നിയിരുന്നില്ലെന്നും അവർ വ്യക്തമാക്കി. രണ്ട് ദിവസത്തിനുള്ളിൽ വീട്ടിലേക്ക് വരുമെന്ന് സോന അറിയിച്ചിരുന്നു.
ഗർഭകാലത്തുണ്ടായ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് രണ്ട് മാസമായി പാലേരിയിലെ വീട്ടിലായിരുന്ന സോനയെ, രജിൻ ലാൽ ഗൾഫിൽ നിന്നെത്തിയ ശേഷമാണ് കൂട്ടിക്കൊണ്ടുപോയത്. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും മകൾക്ക് നീതി ലഭിക്കണമെന്നും വസന്ത ആവശ്യപ്പെട്ടു.
അതേസമയം, സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന രജിൻ ലാലിന്റെ പിതാവ് രാജൻ ആരോപണങ്ങളുമായി രംഗത്തെത്തി. തന്റെ മകന്റെ മേൽ മാത്രം കുറ്റങ്ങൾ കെട്ടിവെക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
‘ സോന ഒരിക്കലും അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല. പെട്രോൾ വാങ്ങി അവളെയും മകനെയും കാറും കത്തിക്കാനാണ് ശ്രമിച്ചത്’ എന്ന് രാജൻ ആരോപിച്ചു.
മരണത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്നാണ് പ്രദേശവാസികളും ആവശ്യപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

