വയനാട്ടിലെ തോട്ടങ്ങളിൽ ആവശ്യക്കാരില്ലാതെ പഴുത്തു നശിച്ചിരുന്ന ചക്കയ്ക്ക് അയൽസംസ്ഥാനമായ കർണാടകയിൽ മികച്ച വിപണി ലഭിക്കുന്നു. ജില്ലയിൽ നിന്ന് ദിവസവും ലോഡ് കണക്കിന് ചക്കയാണ് കർണാടകയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് കയറ്റി അയക്കുന്നത്.
സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പഴവിപണികളിലും വയനാടൻ ചക്കയ്ക്ക് വലിയ സ്വീകാര്യതയാണുള്ളത്. പച്ചച്ചക്ക, പഴുത്ത ചക്ക, ചുളയിരിഞ്ഞവ തുടങ്ങി വിവിധ ആവശ്യങ്ങൾക്കുള്ള ചക്കകൾക്ക് വിപണിയിൽ നല്ല ഡിമാൻഡാണ്.
ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ പാതയോരങ്ങളിൽ ചക്കപ്പഴം വാങ്ങാനായി വലിയൊരു വിഭാഗം ആളുകൾ എത്തുന്നുണ്ട്. നിലവിൽ ഒരു ചക്കച്ചുളയ്ക്ക് 6 രൂപ നിരക്കിലും, അഞ്ച് ചുളകൾ അടങ്ങിയ പാക്കറ്റിന് 30 രൂപ നിരക്കിലുമാണ് വിൽപന നടക്കുന്നത്.
ഒരു വലിയ ചക്ക മുറിച്ച് വിൽക്കുമ്പോൾ കച്ചവടക്കാരന് 500 രൂപയിലധികം വരുമാനം ലഭിക്കുമ്പോൾ, വയനാട്ടിലെ കർഷകർക്ക് ഒരു ചക്കയ്ക്ക് ലഭിക്കുന്നത് വെറും 20 രൂപ മാത്രമാണ്. വയനാടൻ ചക്ക ഉത്തരേന്ത്യൻ വിപണികളിലേക്കും വ്യാപകമായി എത്തുന്നുണ്ട്.
ഇടിച്ചക്ക, പച്ചച്ചക്ക, പഴുത്ത ചക്ക എന്നിങ്ങനെ തരംതിരിച്ച് ഐസ് പാളികൾ നിരത്തിയ ലോറികളിലാണ് ഇവ കർണാടകയിലേക്കും മറ്റ് ഉത്തരേന്ത്യൻ വിപണികളിലേക്കും കൊണ്ടുപോകുന്നത്. ഓരോ വർഷവും വലിയ അളവിൽ ചക്ക ജില്ലയിൽ നിന്ന് പുറത്തേക്ക് അയക്കുമ്പോഴും, തോട്ടങ്ങളിൽ വിളയുന്നതിന്റെ ഭൂരിഭാഗവും പഴുത്ത് നശിക്കുകയാണ്.
ചക്കയോ മറ്റ് ജൈവ പഴവർഗങ്ങളോ സംസ്കരിച്ച് വിപണനം ചെയ്യുന്നതിനായി ജില്ലയിൽ കാര്യമായ സംവിധാനങ്ങളില്ലാത്തതാണ് കർഷകർക്ക് വലിയ തിരിച്ചടിയാകുന്നത്. പഴവർഗ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പദ്ധതികൾ സർക്കാർ ആവിഷ്കരിക്കുമ്പോഴും, വിളകളുടെ വിപണനവും സംസ്കരണവും ഇന്നും കർഷകർക്ക് അപ്രാപ്യമായി തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

