പൂച്ചാക്കൽ: പെരുമ്പളം പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അപൂർണ്ണമായി തുടരുന്നത് പ്രദേശവാസികളെ വലിയ പ്രതിസന്ധിയിലാക്കുന്നു. മാർച്ച് 7ന് പാലം ഉദ്ഘാടനം ചെയ്യപ്പെട്ടുവെങ്കിലും, ടാറിങ് ഉൾപ്പെടെയുള്ള നിർണായക ജോലികൾ ഇനിയും പൂർത്തിയായിട്ടില്ല.
ഉദ്ഘാടനത്തിന് ശേഷം ടാറിങ് ആരംഭിക്കുമെന്നും ഒരു മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്നുമായിരുന്നു അധികൃതർ നൽകിയ ഉറപ്പ്. എന്നാൽ, രണ്ട് മാസം പിന്നിട്ടിട്ടും ആദ്യഘട്ട
ടാറിങ് പോലും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല എന്നത് ഗുരുതരമായ വീഴ്ചയായി കണക്കാക്കപ്പെടുന്നു. നിലവിൽ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും രണ്ടാം ഘട്ട
ടാറിങ് ജോലികൾ ആരംഭിച്ചിട്ടില്ല. നിർമാണ പ്രവർത്തനങ്ങൾ ഇപ്പോൾ പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്.
പാലത്തിൽ വെളിച്ചം ക്രമീകരിക്കുന്നതിനായി തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിൽ വലിയ കാലതാമസമാണ് നേരിടുന്നത്. ഈ ചുമതല കെൽട്രോണിനെ ഏൽപ്പിച്ചതായി അധികൃതർ പറയുന്നുണ്ടെങ്കിലും, തുടർനടപടികൾ ഒച്ചിഴയും വേഗത്തിലാണ്.
പാലത്തിൽ അനധികൃത പാർക്കിങ്ങും കച്ചവടവും വർധിച്ചത് മാലിന്യപ്രശ്നം രൂക്ഷമാക്കിയിട്ടുണ്ട്. ഭക്ഷണാവശിഷ്ടങ്ങൾ പാലത്തിലും കായലിലും തള്ളുന്നത് പതിവായത് പരിസ്ഥിതിക്കും ഭീഷണിയാണ്.
കൂടാതെ, രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധ ശല്യം വർധിച്ചതായും നാട്ടുകാർ പരാതിപ്പെടുന്നു. അവധി ദിവസങ്ങളിൽ എത്തുന്ന വിനോദസഞ്ചാരികൾക്കും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത വലിയ പ്രയാസമുണ്ടാക്കുന്നു.
ഉദ്ഘാടന ദിവസം ഫ്ലാഗ് ഓഫ് ചെയ്ത കെഎസ്ആർടിസി ബസ് സർവീസുകളും പിന്നീട് പ്രവർത്തനസജ്ജമായില്ല. ടാറിങ് പൂർത്തിയായ ശേഷം മാത്രമേ ബസ് സർവീസ് പുനരാരംഭിക്കൂ എന്നാണ് അധികൃതരുടെ നിലപാട്.
അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതാണ് നിർമാണം തടസ്സപ്പെടാൻ കാരണമെന്ന് കരാറുകാർ വിശദീകരിക്കുന്നു. റോഡ് നിർമാണ യന്ത്രങ്ങളും മെറ്റൽ ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികളും പാലത്തിൽ തന്നെ കൂട്ടിയിട്ടിരിക്കുന്നത് രാത്രികാലങ്ങളിൽ യാത്രക്കാർക്ക് വലിയ അപകടസാധ്യത സൃഷ്ടിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

