വയനാട്ടിലെ തോട്ടങ്ങളിൽ ആവശ്യക്കാരില്ലാതെ പഴുത്തു നശിക്കുന്ന ചക്കയ്ക്ക് അയൽസംസ്ഥാനമായ കർണാടകയിൽ വലിയ സ്വീകാര്യത ലഭിക്കുന്നു. ജില്ലയിൽ നിന്ന് ദിവസവും ലോഡ് കണക്കിന് ചക്കയാണ് അതിർത്തി കടന്ന് കർണാടകയിലെ വിവിധ വിപണികളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും എത്തുന്നത്.
അവിടെ പഴുത്ത ചക്കയും ചുളകളാക്കി മാറ്റിയതും പച്ചച്ചക്കയും ഉൾപ്പെടെയുള്ളവയ്ക്ക് മികച്ച വിപണിയാണുള്ളത്. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പാതയോരങ്ങളിൽ ചക്കപ്പഴത്തിന് വലിയ ആവശ്യക്കാരാണുള്ളത്.
നിലവിൽ കർണാടകയിൽ 5 ചുള ചക്കപ്പഴത്തിന് 30 രൂപയാണ് വില. ഒരു ചക്കച്ചുളയ്ക്ക് 6 രൂപ നിരക്കിലാണ് വിപണനം നടക്കുന്നത്.
ഒരു ചക്ക മുറിച്ചു വിൽക്കുമ്പോൾ വ്യാപാരികൾക്ക് 500 രൂപയിലധികം വരുമാനം ലഭിക്കുന്നുണ്ട്. എന്നാൽ, വയനാട്ടിലെ കർഷകർക്ക് ഒരു ചക്കയ്ക്ക് ലഭിക്കുന്നത് വെറും 20 രൂപ മാത്രമാണ്.
വയനാടൻ ചക്ക ഉത്തരേന്ത്യയിലേക്കും അയക്കുന്നുണ്ട്. ഇടിച്ചക്ക, പച്ചച്ചക്ക, പഴുത്ത ചക്ക എന്നിങ്ങനെ തരംതിരിച്ച് ഐസ് പാളികൾ നിരത്തി പ്രത്യേക ക്രമീകരണങ്ങളോടെയാണ് ലോറികളിൽ ഇവ കൊണ്ടുപോകുന്നത്.
വർഷം തോറും വലിയ അളവിൽ ചക്ക ഇവിടെ നിന്ന് കയറ്റി അയക്കുന്നുണ്ടെങ്കിലും, ജില്ലയിലെ തോട്ടങ്ങളിൽ വിളയുന്ന വലിയൊരു ഭാഗം ചക്കയും വിപണന സംവിധാനങ്ങളുടെ അഭാവത്തിൽ പഴുത്തു ചീഞ്ഞു നശിക്കുകയാണ്. ജൈവരീതിയിൽ വിളയുന്ന ചക്കയോ മറ്റ് പഴവർഗങ്ങളോ സംസ്കരിച്ച് മൂല്യവർദ്ധിത ഉൽപന്നങ്ങളാക്കാനുള്ള സംവിധാനങ്ങൾ വയനാട്ടിലില്ല.
സർക്കാർ തലത്തിൽ പഴവിള കൃഷി പ്രോത്സാഹനത്തിനായി വിവിധ പദ്ധതികൾ ആവിഷ്കരിക്കുമ്പോഴും, അവയ്ക്കാവശ്യമായ വിപണനമോ സംസ്കരണ സൗകര്യങ്ങളോ ഒരുക്കുന്നതിൽ വലിയ വീഴ്ച സംഭവിക്കുന്നതായി കർഷകർ ചൂണ്ടിക്കാട്ടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

