എറണാകുളം ജില്ലയിലെ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ മാറാമ്പിള്ളി മുടിക്കൽ തുകലിൽ വീട്ടിൽ ഉവൈസിനെ (40) കാപ്പ (KAAPA) നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്.സുദർശൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ജില്ലാ കലക്ടർ ജി.പ്രിയങ്കയാണ് ഇയാളെ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവിട്ടത്.
ഉത്തരവ് നടപ്പിലാക്കിയതിനെ തുടർന്ന് പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മോഷണം, കവർച്ച, തട്ടിക്കൊണ്ടുപോകൽ, അടിപിടി തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉവൈസ് പ്രതിയാണ്.
കഴിഞ്ഞ ഫെബ്രുവരിയിൽ പെരുമ്പാവൂർ സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം ബംഗാൾ സ്വദേശിയുടെ മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ശ്രമിക്കുകയും, ഹെൽമറ്റ് ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ഈ കേസിലെ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്താണ് പ്രതിക്കെതിരെ കർശന നടപടി സ്വീകരിച്ചത്.
പെരുമ്പാവൂർ പൊലീസ് ഇൻസ്പെക്ടർ എൽ. അനിൽ കുമാർ, സബ് ഇൻസ്പെക്ടർമാരായ ജോജോ ജോർജ്, ജോബി ജോർജ്, എസ്.എൽ.അർജുൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ കെ.ആർ.സുധീർ, എം.ബി.സുബൈർ, സിവിൽ പൊലീസ് ഓഫിസർ എ.കെ.നജ്മി എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് കേസുമായി ബന്ധപ്പെട്ട
നടപടികൾ പൂർത്തിയാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

