ആമ്പല്ലൂർ മേഖലയിലെ ദേശീയപാതയിൽ നിർമിച്ചുവരുന്ന അടിപ്പാതയുടെ അശാസ്ത്രീയമായ നിർമാണം പ്രദേശത്ത് രൂക്ഷമായ വെള്ളക്കെട്ടിന് കാരണമാകുമെന്ന് പരാതി. കേളിത്തോട് മുതൽ മണലിപ്പുഴ വരെ വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനായുള്ള ഡ്രെയ്നേജ് സംവിധാനങ്ങൾ ഒരുക്കാത്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം.
നെന്മണിക്കര പഞ്ചായത്ത് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ ആമ്പല്ലൂരിലെത്തി സ്ഥലപരിശോധന നടത്തി. ദേശീയപാതയിലെ അടിപ്പാതകൾക്ക് സമീപത്തുനിന്ന് പടിഞ്ഞാറ് ദിശയിലേക്ക് ഒഴുകുന്ന ജലം പൂർണ്ണമായും നെന്മണിക്കര ഭാഗത്തേക്കാണ് എത്തുന്നത്.
ഈ വെള്ളം യഥാസമയം ഒഴുക്കിക്കളയാനുള്ള സംവിധാനങ്ങൾ നിലവിലില്ലാത്തത് മൂലം നെന്മണിക്കരയിലേക്കുള്ള പ്രധാനപ്പെട്ട മൂന്ന് റോഡുകളുടെ കവാടങ്ങളിലും വെള്ളക്കെട്ടും ചെളിയും നിറയാൻ സാധ്യതയേറെയാണ്.
വരാനിരിക്കുന്ന മഴക്കാലത്തിന് മുൻപായി അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഈ പ്രശ്നം പരിഹരിക്കപ്പെടാത്തപക്ഷം അഞ്ഞൂറിലധികം വീടുകൾ, ആരാധനാലയങ്ങൾ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം തടസ്സപ്പെടാനും പ്രദേശവാസികൾ ഗുരുതരമായ അപകടാവസ്ഥയിലാവാനും സാധ്യതയുണ്ട്.
ദേശീയപാത മറികടന്ന് വരുന്ന ജലത്തെ മണലിപ്പുഴയിലേക്ക് തിരിച്ചുവിടാൻ ശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനം അടിയന്തരമായി നിർമിക്കണമെന്നാണ് പഞ്ചായത്തിന്റെ ആവശ്യം. സ്ഥലം സന്ദർശിച്ച ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരോടൊപ്പം നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ് വി.ടി.വിജയലക്ഷ്മി, വൈസ് പ്രസിഡന്റ് കെ.എ.സുരേഷ്, പഞ്ചായത്ത് അംഗം വി.ആർ.സുരേഷ് എന്നിവരും സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

