ആറന്മുള ഗവൺമെന്റ് ഹൈസ്കൂളിലെ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് ദീർഘകാലമായി തുടരുന്ന പ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സ്കൂളിലെ വിദ്യാർത്ഥികൾക്കായി നിർമിച്ച ഡൈനിങ് ഹാളിൽ വർഷങ്ങളായി അങ്കണവാടി പ്രവർത്തിക്കുന്നത് ഇരുവിഭാഗം കുട്ടികൾക്കും വലിയ അസൗകര്യമാണ് സൃഷ്ടിക്കുന്നത്.
വിഷയം ഗൗരവമായി പരിഗണിച്ച് അങ്കണവാടി സൗകര്യപ്രദമായ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റണമെന്ന് ജില്ലാ പഞ്ചായത്ത്, മല്ലപ്പുഴശ്ശേരി പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു. 2018-ൽ 9.5 ലക്ഷം രൂപ ചെലവഴിച്ചാണ് ജില്ലാ പഞ്ചായത്ത് സ്കൂളിനായി ഡൈനിങ് ഹാളും കഞ്ഞിപ്പുരയും നിർമിച്ചത്.
ഹൈസ്കൂൾ വിഭാഗത്തിൽ പഠിക്കുന്ന ഇരുനൂറ്റി അൻപതോളം കുട്ടികളിൽ 187 പേരാണ് സ്കൂളിൽ ഉച്ചഭക്ഷണം കഴിക്കുന്നത്. എന്നാൽ, അങ്കണവാടി ഇവിടെ പ്രവർത്തിക്കുന്നതിനാൽ 50 കുട്ടികൾക്ക് പോലും ഒരുമിച്ച് ഭക്ഷണം കഴിക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്.
സ്കൂളിലെ ക്ലാസ് മുറികളിൽ നവീകരണ പ്രവർത്തനങ്ങൾ നടന്ന വേളയിൽ താത്കാലികമായാണ് അങ്കണവാടി ഡൈനിങ് ഹാളിലേക്ക് മാറ്റിയത്. നിർമാണം പൂർത്തിയായാൽ അങ്കണവാടി അവിടേക്ക് തിരികെ മാറ്റുമെന്ന അധികൃതരുടെ ഉറപ്പ് എട്ട് വർഷമായിട്ടും പാലിക്കപ്പെട്ടിട്ടില്ല.
നിലവിൽ ഏഴ് കുട്ടികൾ പഠിക്കുന്ന അങ്കണവാടിയുടെ പ്രവർത്തനം, ഭക്ഷണം, കളിസ്ഥലം എന്നിവയെല്ലാം ഈ ഒറ്റ മുറിയിൽ തന്നെയാണ് നടക്കുന്നത്. ഉച്ചസമയങ്ങളിൽ 187 കുട്ടികൾ ഒരുമിച്ച് ഭക്ഷണം കഴിക്കാൻ എത്തുമ്പോൾ സ്ഥലപരിമിതി രൂക്ഷമാകുന്നു.
സ്കൂളിനായി ഒരു കോടി രൂപയുടെ പുതിയ കെട്ടിടം നിർമിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും നിർമാണ പ്രവർത്തനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല. അതിനാൽ അങ്കണവാടിക്ക് അനുയോജ്യമായ മറ്റൊരു കെട്ടിടം കണ്ടെത്തി മാറ്റുക എന്നതാണു നിലവിലെ സാഹചര്യത്തിൽ ഏറ്റവും ഉചിതമായ പോംവഴിയെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ഇതിനായുള്ള തുടർനടപടികൾ സ്വീകരിക്കേണ്ടത് പഞ്ചായത്ത് ഭരണകൂടമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

