കാസർകോട് ജില്ലയിലെ നിർണ്ണായക ഗതാഗത പാതയായ ചെർക്കള – കല്ലട്ക്ക റോഡ് നവീകരിക്കുന്നതിനായി 29.83 കോടി രൂപയുടെ കിഫ്ബി ടെൻഡർ നടപടികൾക്ക് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് അംഗീകാരം നൽകി. കിഫ്ബി പദ്ധതികളുടെ പുനർനിർണ്ണയം സംബന്ധിച്ച സർക്കാർ തീരുമാനം വരാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി.
സംസ്ഥാനാന്തര പാതയായ ചെർക്കള – കല്ലട്ക്ക റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് നിയുക്ത എംഎൽഎ കല്ലട്ര മാഹിൻ മുഖ്യമന്ത്രിയെ നേരിൽ കണ്ട് ബോധ്യപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര ഇടപെടൽ ഉണ്ടായത്.
കിഫ്ബി മുഖേന ടെൻഡർ ചെയ്ത പ്രവൃത്തികൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നയപരമായ തീരുമാനങ്ങൾ ഈ മാസം 27-ന് സർക്കാർ കൈക്കൊള്ളുമെന്നാണ് സൂചന.
29.83 കോടി രൂപ ചെലവഴിച്ച് ബിറ്റുമിൻ കോൺക്രീറ്റിംഗ് നടത്തുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മഴക്കാലം ശക്തിപ്രാപിക്കുന്നതിന് മുൻപായി റോഡിലെ കുഴികൾ അടച്ചില്ലെങ്കിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുന്ന സാഹചര്യം ഉടലെടുക്കും എന്ന വസ്തുത കണക്കിലെടുത്താണ് ടെൻഡർ നടപടികൾക്ക് അടിയന്തര അനുമതി നൽകിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

