വയനാട്ടിലെ തോട്ടങ്ങളിൽ ആവശ്യക്കാരില്ലാതെ പഴുത്തു ചീഞ്ഞുനശിക്കുന്ന ചക്കയ്ക്ക് കർണാടക വിപണികളിൽ വൻ സ്വീകാര്യത. ദിവസവും ലോഡുകണക്കിന് ചക്കയാണ് വയനാട്ടിലെ തോട്ടങ്ങളിൽ നിന്ന് അതിർത്തി കടന്ന് കർണാടകയിലെത്തുന്നത്.
സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും പഴവിപണികളിലും ചക്ക ഇപ്പോൾ പ്രധാന ആകർഷണമായി മാറിയിരിക്കുകയാണ്. പഴുത്തതും ചുളയിരിഞ്ഞുവച്ചതും പച്ചച്ചക്കയുമെല്ലാം ഇവിടെ ലഭ്യമാണ്.
വിനോദസഞ്ചാരകേന്ദ്രങ്ങളിലെ പാതയോരങ്ങളിൽ ചക്കപ്പഴം വാങ്ങാൻ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. നിലവിൽ 5 ചുള ചക്കപ്പഴത്തിന് 30 രൂപയും, ഒരു ചക്കച്ചുളയ്ക്ക് 6 രൂപയുമാണ് വില.
ഒരു വലിയ ചക്ക വിപണിയിൽ മുറിച്ചു വിൽക്കുമ്പോൾ വ്യാപാരികൾക്ക് ലഭിക്കുന്നത് 500 രൂപയിലധികമാണ്. എന്നാൽ, ഇത് വിൽക്കുന്ന വയനാട്ടിലെ കർഷകന് ലഭിക്കുന്നത് വെറും 20 രൂപ മാത്രമാണ്.
വയനാടൻ ചക്ക ഉത്തരേന്ത്യയിലേക്കും അയക്കുന്നുണ്ട്. ഇടിച്ചക്ക, പച്ചച്ചക്ക, പഴുത്തത് എന്നിങ്ങനെ തരംതിരിച്ചാണ് ലോറികളിൽ ഇവ കൊണ്ടുപോകുന്നത്.
കനത്ത ചൂടിനെ പ്രതിരോധിക്കാനായി ഐസ് പാളികൾ നിരത്തിയാണ് ചക്ക കയറ്റുന്നത്. ഓരോ വർഷവും ടൺ കണക്കിന് ചക്കയാണ് ജില്ലയിൽനിന്ന് ഇത്തരത്തിൽ പുറത്തേക്ക് അയക്കുന്നത്.
എന്നാൽ, ജില്ലയിൽ വിളയുന്ന ചക്കയുടെ മുഖ്യഭാഗവും വേണ്ടത്ര വിപണന സംവിധാനങ്ങളില്ലാത്തതിനാൽ തോട്ടങ്ങളിൽ പഴുത്ത് ചീഞ്ഞു നശിക്കുകയാണ്. ജൈവരീതിയിൽ ഉൽപാദിപ്പിക്കുന്ന ചക്കയുൾപ്പെടെയുള്ള പഴങ്ങൾ സംസ്കരിച്ച് വിപണനം നടത്താനുള്ള സംവിധാനങ്ങളൊന്നും വയനാട്ടിലില്ല.
സർക്കാർ തലത്തിൽ പഴവിള കൃഷി പ്രോൽസാഹനത്തിന് വിവിധ പദ്ധതികൾ നടപ്പാക്കുമ്പോഴും, ഇതിന്റെ വിപണന സാധ്യതകളോ സംസ്കരണ സംവിധാനങ്ങളോ കണ്ടെത്താൻ അധികൃതർക്ക് സാധിക്കുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

