പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ ആറന്മുള ഗവ. എച്ച്എസ്എസിലെ വിദ്യാർഥികളും സ്കൂൾ ഡൈനിങ് ഹാളിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിലെ കുട്ടികളും കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.
സ്കൂളിലെ ഉച്ചഭക്ഷണശാലയിൽ വർഷങ്ങളായി അങ്കണവാടി പ്രവർത്തിക്കുന്നത് കുട്ടികളുടെ പഠനത്തെയും ഭക്ഷണ സാഹചര്യങ്ങളെയും ദോഷകരമായി ബാധിക്കുന്ന സാഹചര്യത്തിൽ, അങ്കണവാടി അടിയന്തരമായി മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാൻ ജില്ലാ പഞ്ചായത്ത് മല്ലപ്പുഴശ്ശേരി പഞ്ചായത്ത് അധികൃതരോട് നിർദ്ദേശിച്ചു. സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ ഏകദേശം ഇരുനൂറ്റി അൻപതോളം വിദ്യാർഥികളാണുള്ളത്.
ഇതിൽ 187 കുട്ടികൾ ഉച്ചഭക്ഷണം കഴിക്കുന്നത് 2018-ൽ ജില്ലാ പഞ്ചായത്ത് 9.5 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ഡൈനിങ് ഹാളിലാണ്. എന്നാൽ, അങ്കണവാടി കൂടി ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിനാൽ, നിലവിൽ 50 കുട്ടികൾക്ക് പോലും ഇവിടെ ഒരേസമയം ഭക്ഷണം കഴിക്കാൻ ആവശ്യമായ സ്ഥലസൗകര്യം ലഭ്യമല്ല.
നേരത്തെ പഴയ ഓടിട്ട കെട്ടിടത്തിലായിരുന്നു അങ്കണവാടി പ്രവർത്തിച്ചിരുന്നത്.
ക്ലാസ് മുറിയിൽ ടൈൽ പാകുന്ന ജോലികൾ നടക്കുന്നതിനിടെ താൽക്കാലികമായാണ് ഡൈനിങ് ഹാളിലേക്ക് മാറ്റിയത്. നിർമാണം പൂർത്തിയായാൽ അങ്കണവാടി ഉടൻ മാറ്റി സ്ഥാപിക്കുമെന്ന് അന്ന് അധികൃതർ ഉറപ്പു നൽകിയിരുന്നെങ്കിലും, എട്ട് വർഷം പിന്നിട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.
നിലവിൽ ഏഴ് കുട്ടികൾ പഠിക്കുന്ന അങ്കണവാടിയുടെ പഠനവും, പാചകവും, വിനോദവും എല്ലാം ഈ ഒറ്റ മുറിയിൽ തന്നെയാണ് നടക്കുന്നത്. സ്കൂളിൽ നിലവിൽ ക്ലാസ് മുറികൾ മാത്രമാണുള്ളത്.
പുതിയ കെട്ടിട നിർമ്മാണത്തിനായി വിദ്യാഭ്യാസ വകുപ്പ് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല.
അങ്കണവാടിക്ക് അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്തി അവിടേക്ക് മാറ്റുക മാത്രമാണ് ഈ പ്രശ്നത്തിനുള്ള ശാശ്വത പരിഹാരമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കേണ്ടത് പഞ്ചായത്ത് ഭരണകൂടമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

