കണ്ണൂർ ചാലാട് ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ പുലർച്ചെ നടന്ന മോഷണത്തിൽ ഏകദേശം 20,000 രൂപ നഷ്ടപ്പെട്ടതായി പരാതി. വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം.
ക്ഷേത്ര മാനേജർ സി.എം.ശ്രീജിത്ത് ടൗൺ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു. ക്ഷേത്രത്തിന്റെ മുൻവശത്തെ ഗേറ്റ് തകർത്ത് അകത്തു കടന്ന മോഷ്ടാവ്, അകത്തെ മുറിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനായ വൈഷ്ണവിനെ പൂട്ടിയിട്ട
ശേഷമാണ് മോഷണം നടത്തിയത്. പിക്കാസുമായി എത്തിയ അക്രമി, വഴിപാട് കൗണ്ടറിന്റെ പൂട്ട് തകർത്ത് അകത്തു കടക്കുകയും മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന പണം കവരുകയുമായിരുന്നു.
തുടർന്ന് ക്ഷേത്രനടയിലെ മേശ കുത്തിത്തുറന്ന ശേഷം, വഴിപാട് കൗണ്ടറിന് സമീപത്തെ ഭണ്ഡാരം തകർത്ത് പണം കൈക്കലാക്കി. ചുറ്റമ്പലത്തിന് പുറത്തുള്ള പ്രധാന ഭണ്ഡാരത്തിന്റെ പൂട്ട് തകർക്കാൻ ശ്രമിച്ചെങ്കിലും അതിൽ നിന്ന് പണം അപഹരിക്കാൻ സാധിച്ചില്ല.
പിൻവശത്തെ ഭണ്ഡാരത്തിന്റെ പൂട്ട് തകർക്കുന്നതിനിടെ സുരക്ഷാ ജീവനക്കാരൻ വൈഷ്ണവ് വാതിൽ തള്ളിത്തുറന്ന് പുറത്തെത്തി. തുടർന്ന് മോഷ്ടാവും ജീവനക്കാരനും തമ്മിൽ സംഘർഷമുണ്ടായി.
“പിക്കാസ് കൊണ്ട് മോഷ്ടാവ് കൊല്ലാൻ ശ്രമിച്ചുവെന്ന് സുരക്ഷാ ജീവനക്കാരൻ വൈഷ്ണവ് പറഞ്ഞു.” ഒടുവിൽ ജീവനക്കാരനെ തള്ളിമാറ്റിയ ശേഷം മോഷ്ടാവ് പിൻവശത്തെ മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് മോഷ്ടാവിന്റേതെന്ന് കരുതുന്ന രണ്ട് ടോർച്ചുകൾ കണ്ടെടുത്തിട്ടുണ്ട്.
മോഷ്ടാവും ജീവനക്കാരനും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ടൗൺ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘവും ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

