വയനാട്ടിലെ തോട്ടങ്ങളിൽ ആവശ്യക്കാരില്ലാതെ നശിച്ചുപോയിരുന്ന ചക്കയ്ക്ക് കർണാടക വിപണിയിൽ മികച്ച സ്വീകാര്യത. ദിനംപ്രതി ലോഡ് കണക്കിന് ചക്കയാണ് അതിർത്തി കടന്ന് അയൽസംസ്ഥാനത്തേക്ക് കയറ്റിയയക്കുന്നത്.
കർണാടകയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പഴവിപണികളിലും വയനാടൻ ചക്കയ്ക്ക് വലിയ ഡിമാൻഡാണ് ഉള്ളത്. പഴുത്തതും പച്ചച്ചക്കയും ചുളകളാക്കി മാറ്റിയവയും ഇവിടെ വിപണനം ചെയ്യുന്നുണ്ട്.
പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പാതയോരങ്ങളിൽ ചക്കപ്പഴം വാങ്ങാനായി നിരവധി പേരാണ് എത്തുന്നത്. നിലവിൽ അഞ്ച് ചുളകളടങ്ങിയ ഒരു പാക്കറ്റിന് 30 രൂപയാണ് വില ഈടാക്കുന്നത്; അതായത് ഒരു ചുളയ്ക്ക് ആറ് രൂപ നിരക്കിൽ വിപണനം നടക്കുന്നു.
ഒരു ചക്ക വിറ്റഴിക്കുമ്പോൾ വ്യാപാരികൾക്ക് 500 രൂപയിലധികം വരുമാനം ലഭിക്കുന്നുണ്ടെങ്കിലും, വയനാട്ടിലെ കർഷകർക്ക് ഒരു ചക്കയ്ക്ക് ലഭിക്കുന്നത് വെറും 20 രൂപ മാത്രമാണ്. ശേഖരിക്കുന്ന ചക്കകൾ ഇടിച്ചക്ക, പച്ചച്ചക്ക, പഴുത്തത് എന്നിങ്ങനെ തരംതിരിച്ച് ലോറികളിലാണ് കൊണ്ടുപോകുന്നത്.
വേനൽച്ചൂടിൽ ചക്ക കേടാകാതിരിക്കാൻ ഐസ് പാളികൾ നിരത്തിയാണ് ഗതാഗതം. വയനാടൻ ചക്ക ഉത്തരേന്ത്യൻ വിപണികളിലേക്കും എത്തുന്നുണ്ട്.
ജില്ലയിൽ പ്രതിവർഷം ആയിരക്കണക്കിന് ചക്കകൾ ഉൽപാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും, സംസ്കരണ സൗകര്യങ്ങളുടെ അപര്യാപ്തത കാരണം ഭൂരിഭാഗവും തോട്ടങ്ങളിൽ തന്നെ നശിക്കുകയാണ്. പൂർണ്ണമായും ജൈവരീതിയിൽ ഉൽപാദിപ്പിക്കുന്ന മറ്റു പഴവർഗ്ഗങ്ങളുടെ അവസ്ഥയും സമാനമാണ്.
കാർഷിക മേഖലയിൽ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെങ്കിലും, പഴവർഗ്ഗങ്ങളുടെ വിപണനത്തിനോ സംസ്കരണത്തിനോ ആവശ്യമായ ദീർഘകാല സംവിധാനങ്ങൾ ജില്ലയിൽ ഇനിയും സജ്ജമായിട്ടില്ലെന്നത് വലിയൊരു പ്രതിസന്ധിയായി തുടരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

