പറമ്പിക്കുളം – ആളിയാർ നദീജല കരാർ എന്നത് കേവലം ചിറ്റൂരിന്റെ മാത്രം വിഷയമല്ല, മറിച്ച് ഭാരതപ്പുഴയുടെ ജലസ്രോതസ്സുമായി ബന്ധപ്പെട്ട അതീവ ഗൗരവകരമായ ഒരു വിഷയമാണ്.
ആളിയാർ അണക്കെട്ടിൽ നിന്ന് മൂലത്തറ വഴി ചിറ്റൂർപ്പുഴയിലേക്കും, അവിടെനിന്ന് പറളിയിൽ ഭാരതപ്പുഴയായും ഒഴുകുന്ന ജലം പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലെ കാർഷിക മേഖലയുടെ ജീവനാഡിയാണ്. 1970 മേയ് 29ന് ഒപ്പുവച്ച പറമ്പിക്കുളം – ആളിയാർ കരാർ, 1958 നവംബർ ഒന്നു മുതലുള്ള മുൻകാല പ്രാബല്യത്തോടെയാണ് നിലവിൽ വന്നത്.
പറമ്പിക്കുളം, പെരുവാരിപ്പള്ളം, തൂണക്കടവ് ഡാമുകൾ ഉൾപ്പെട്ട സിസ്റ്റവും ആളിയാർ ഡാം, കേരള – തമിഴ്നാട് ഷോളയാർ അണക്കെട്ടുകൾ, കോണ്ടൂർ കനാൽ തുടങ്ങിയവയെല്ലാം ഈ കരാറിന്റെ ഭാഗമാണ്.
കരാർ പ്രകാരം ഓരോ 30 വർഷം കൂടുമ്പോഴും ജലലഭ്യതയുടെ അടിസ്ഥാനത്തിൽ വ്യവസ്ഥകൾ പുനരവലോകനം ചെയ്യേണ്ടതുണ്ട്. എന്നാൽ, രണ്ടുതവണ കാലാവധി കഴിഞ്ഞിട്ടും കാര്യക്ഷമമായ പുനരവലോകനം നടത്താൻ കേരളത്തിന് സാധിച്ചിട്ടില്ല.
ജൂലൈ ഒന്ന് മുതൽ അടുത്ത വർഷം ജൂൺ 30 വരെ നീളുന്ന ഒരു ജലവർഷത്തിൽ 7.25 ടിഎംസി ജലമാണ് കേരളത്തിന് ലഭിക്കുന്നത്. എന്നാൽ, ഇത് അപര്യാപ്തമാണെന്നും കുറഞ്ഞത് 12.5 ടിഎംസി ജലം ലഭ്യമാക്കുന്ന രീതിയിൽ കരാർ പുതുക്കണമെന്നുമാണ് പാലക്കാടൻ മേഖലയുടെ പ്രധാന ആവശ്യം.
മുൻ ജലസേചന വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ കാലത്ത് ഉന്നതതല ചർച്ചകൾക്ക് തുടക്കം കുറിച്ചിരുന്നെങ്കിലും, പിന്നീട് ഈ വിഷയത്തിൽ കാര്യമായ പുനരാലോചനകളുണ്ടായില്ല. പറമ്പിക്കുളം സിസ്റ്റത്തിലെ അണക്കെട്ടുകൾ കേരളത്തിലെ മുതലമട
പഞ്ചായത്ത് പരിധിയിലാണെങ്കിലും, ഇവയുടെ നിയന്ത്രണവും അറ്റകുറ്റപ്പണികളും തമിഴ്നാടിന്റെ അധീനതയിലാണ്. ഈ അധികാരം കേരളം ഏറ്റെടുക്കണമെന്ന ആവശ്യം കാലങ്ങളായി ഉയരുന്നുണ്ട്.
സംസ്ഥാനാന്തര നദീജല പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഒരു വ്യക്തമായ ടൈം ഷെഡ്യൂൾ നിശ്ചയിച്ച് ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകേണ്ടത് കേരളത്തിന്റെ അടിയന്തര ആവശ്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

