കെ-റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരായ ജനകീയ പ്രക്ഷോഭത്തിന്റെ ചരിത്ര അടയാളമായി മാറിയ ചെങ്ങന്നൂർ കൊഴുവല്ലൂർ കിഴക്കേ മോടിയിലെ മഞ്ഞക്കുറ്റി ഇപ്പോഴും നിലനിൽക്കുന്നു. തങ്കമ്മയുടെ വീടിനോട് ചേർന്നുള്ള ഈ കുറ്റി 2022 മാർച്ച് 14-നാണ് കെ-റെയിൽ അധികൃതർ സ്ഥാപിച്ചത്.
തുടർന്ന് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും സംഘർഷങ്ങൾക്കും ഈ പ്രദേശം വേദിയായി. സമരത്തിന്റെ ഭാഗമായി കോൺഗ്രസ് പ്രവർത്തകർ ഈ കുറ്റി പിഴുതുമാറ്റുകയും, പിന്നീട് അന്നത്തെ മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ അത് പുനഃസ്ഥാപിക്കുകയും ചെയ്തത് സംസ്ഥാനതലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു.
അധികൃതർ നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റപ്പെടാത്ത സാഹചര്യത്തിൽ, കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി മുൻകൈയെടുത്ത് 7.75 ലക്ഷം രൂപ ചെലവഴിച്ചാണ് തങ്കമ്മയ്ക്ക് പുതിയ വീട് നിർമ്മിച്ചു നൽകിയത്. സമരത്തിന്റെ ഭാഗമായി കുറ്റി പിഴുതെറിഞ്ഞ സ്ഥലങ്ങളിൽ കൃഷി ചെയ്ത വാഴകളിൽ നിന്നുള്ള വരുമാനവും ഇതിനായി വിനിയോഗിച്ചു.
പദ്ധതി ഉപേക്ഷിക്കപ്പെട്ടതോടെ തന്റെ ഭൂമി സുരക്ഷിതമായതിന്റെ ആശ്വാസത്തിലാണ് തങ്കമ്മ. പദ്ധതി ഉപേക്ഷിച്ചതിനെക്കുറിച്ച് തങ്കമ്മയുടെ വാക്കുകൾ ഇങ്ങനെ: ‘‘വലിയ സന്തോഷമുണ്ട്.
വീട് നഷ്ടപ്പെടുമെന്നതിനെക്കാൾ ആകെയുള്ള മൂന്നര സെന്റ് ഭൂമി നഷ്ടപ്പെടുമെന്ന വേദനയായിരുന്നു ഉള്ളിൽ. അമ്മ ഉൾപ്പെടെ പൂർവികർ താമസിച്ച മണ്ണാണ്.
അതു കൈവിട്ടു പോകില്ല എന്നറിഞ്ഞപ്പോോൾ സന്തോഷം’’. പദ്ധതി റദ്ദാക്കിയതിന്റെ ആഹ്ലാദപ്രകടനം ചെങ്ങന്നൂർ മുളക്കുഴ ജംക്ഷനിൽ ജനകീയ സമിതി പ്രവർത്തകർ സംഘടിപ്പിച്ചു.
2022 മാർച്ച് 4-ന് മുളക്കുഴ ഊരിക്കടവ് പാലത്തിനു സമീപം ആദ്യ കുറ്റി സ്ഥാപിച്ചതു മുതൽ നേരിട്ട പോലീസ് നടപടികളെയും സംഘർഷങ്ങളെയും പ്രവർത്തകർ യോഗത്തിൽ അനുസ്മരിച്ചു.
ശാന്തമ്മ സ്റ്റീഫൻ, എ.ബിമൽജി, റെജി തോമസ് എന്നിവർ തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ പങ്കുവെച്ചു.
കെപിസിസി ജനറൽ സെക്രട്ടറി എബി കുര്യാക്കോസ് പങ്കെടുത്ത ചടങ്ങിൽ ‘കെ റെയിൽ വരില്ല കേട്ടോ’ എന്ന ബാനറുകൾ ഉയർത്തി പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചു. ചെങ്ങന്നൂർ, നൂറനാട്, പള്ളിക്കൽ, വെൺമണി മേഖലകളെ കേന്ദ്രീകരിച്ചായിരുന്നു ജില്ലയിലെ സമരങ്ങൾ ഏകോപിപ്പിച്ചിരുന്നത്.
പടനിലം ക്ഷേത്രത്തിലെ ശിവരാത്രി കെട്ടുത്സവത്തെ പദ്ധതി ബാധിക്കുമെന്ന ആശങ്കയും സമരത്തിന് കൂടുതൽ ജനപിന്തുണ നൽകി. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ നടന്ന നിരാഹാര സമരവും വിവിധ പഞ്ചായത്തുകളിൽ നടന്ന ഒപ്പുശേഖരണങ്ങളും സമരത്തെ കൂടുതൽ ശക്തമാക്കിയിരുന്നു.
ജില്ലയിൽ ആകെ 42.0884 ഹെക്ടർ ഭൂമി ഏറ്റെടുക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. സിൽവർ ലൈൻ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് ജില്ലയിൽ രജിസ്റ്റർ ചെയ്ത 41 കേസുകളിൽ 33 എണ്ണം പിഴയടച്ച് തീർപ്പാക്കി; 8 കേസുകൾ ഇപ്പോഴും നിലവിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

