വയനാട്ടിലെ തോട്ടങ്ങളിൽ ആവശ്യക്കാരില്ലാതെ ചക്ക പഴുത്തു ചീഞ്ഞു നശിക്കുമ്പോൾ, അയൽ സംസ്ഥാനമായ കർണാടകയിൽ ഇവയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ദിവസേന ലോഡ് കണക്കിന് ചക്കയാണ് വയനാട്ടിൽ നിന്ന് അതിർത്തി കടന്ന് കർണാടകയിലെ പ്രധാന വിപണികളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും എത്തുന്നത്.
കർണാടകയിലെ വിപണികളിൽ പഴുത്തതും ചുളയിരിഞ്ഞുവച്ചതും പച്ചച്ചക്കയുമെല്ലാം സുലഭമാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പാതയോരങ്ങളിൽ ചക്കപ്പഴത്തിന് വലിയ ഡിമാൻഡാണുള്ളത്.
ഇവിടെ 5 ചുള ചക്കപ്പഴത്തിന് 30 രൂപയാണ് വില. അതായത് ഒരു ചക്കച്ചുളയ്ക്ക് 6 രൂപ നിരക്കിൽ വിൽപന നടക്കുന്നു.
ഒരു വലിയ ചക്ക മുറിച്ച് വിൽക്കുമ്പോൾ കച്ചവടക്കാർക്ക് 500 രൂപയിലധികം വരുമാനം ലഭിക്കുന്നുണ്ട്. എന്നാൽ, വയനാട്ടിലെ കർഷകർക്ക് ഒരു ചക്ക വിൽക്കുമ്പോൾ ലഭിക്കുന്നത് വെറും 20 രൂപ മാത്രമാണ്.
വയനാടൻ ചക്ക ഇപ്പോൾ ഉത്തരേന്ത്യൻ വിപണികളിലേക്കും എത്തിത്തുടങ്ങിയിട്ടുണ്ട്. ഇടിച്ചക്ക, പച്ചച്ചക്ക, പഴുത്ത ചക്ക എന്നിങ്ങനെ തരംതിരിച്ചാണ് ലോറികളിൽ ഇവ കൊണ്ടുപോകുന്നത്.
കനത്ത ചൂടിൽ ചക്ക കേടുകൂടാതിരിക്കാൻ ഐസ് പാളികൾ നിരത്തിയാണ് വാഹനങ്ങളിൽ കയറ്റുന്നത്. ഇത്തരത്തിൽ ഓരോ വർഷവും വൻതോതിൽ ചക്ക വയനാട്ടിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നുണ്ട്.
എങ്കിലും, വിളവെടുപ്പിന് ശേഷം വിപണന സൗകര്യങ്ങളോ സംസ്കരണ സംവിധാനങ്ങളോ ഇല്ലാത്തതിനാൽ ജില്ലയിലെ ഭൂരിഭാഗം ചക്കയും തോട്ടങ്ങളിൽ തന്നെ നശിക്കുകയാണ്. ജൈവരീതിയിൽ ഉൽപാദിപ്പിക്കുന്ന മറ്റ് പഴവർഗങ്ങളുടെ അവസ്ഥയും സമാനമാണ്.
കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കാൻ പല പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും, അവയുടെ വിപണന സാധ്യതകളോ സംസ്കരണ യൂണിറ്റുകളോ കണ്ടെത്തുന്നതിൽ അധികൃതർ പരാജയപ്പെടുന്നുവെന്ന ആക്ഷേപം ശക്തമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

