കെ-റെയിൽ സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി ചെങ്ങന്നൂർ കൊഴുവല്ലൂർ കിഴക്കേ മോടിയിൽ തങ്കമ്മയുടെ വീടിനു സമീപം സ്ഥാപിച്ച മഞ്ഞക്കുറ്റി ഇന്നും മാറ്റമില്ലാതെ തുടരുന്നു. 2022 മാർച്ച് 14-നാണ് അധികൃതർ ഈ മഞ്ഞക്കുറ്റി ഇവിടെ സ്ഥാപിച്ചത്.
പദ്ധതിക്കെതിരായ പ്രതിഷേധങ്ങൾ അക്കാലത്ത് സംസ്ഥാനതലത്തിൽ വലിയ ചർച്ചയായിരുന്നു. മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ കുറ്റി പുനഃസ്ഥാപിക്കുകയും വീട് നിർമ്മിച്ചു നൽകുമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നുവെങ്കിലും, വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്ന് കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ആരോപിക്കുന്നു.
ഒടുവിൽ സമിതിയുടെ നേതൃത്വത്തിൽ 7.75 ലക്ഷം രൂപ ചെലവഴിച്ചാണ് തങ്കമ്മയ്ക്ക് പുതിയ വീട് നിർമിച്ചു നൽകിയത്. സമരത്തിന്റെ ഭാഗമായി മഞ്ഞക്കുറ്റി പിഴുതെറിഞ്ഞ സ്ഥലങ്ങളിൽ നട്ട
വാഴകളിൽ നിന്നുള്ള വിളവെടുപ്പിലൂടെ ലഭിച്ച തുക കൂടി ഇതിനായി വിനിയോഗിക്കുകയുണ്ടായി. ഉപേക്ഷിക്കപ്പെട്ട
പദ്ധതിയുടെ സ്മാരകമായി പഴയ ഒറ്റമുറിക്കൂരയും, സമര വിജയത്തിന്റെ പ്രതീകമായി ആ മഞ്ഞക്കുറ്റിയും ഇന്നും അവിടെ അവശേഷിക്കുന്നു. സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ച വാർത്തയോട് തങ്കമ്മ പ്രതികരിച്ചത് ഇങ്ങനെ: “വലിയ സന്തോഷമുണ്ട്.
വീട് നഷ്ടപ്പെടുമെന്നതിനേക്കാൾ ആകെയുള്ള മൂന്നര സെന്റ് ഭൂമി നഷ്ടപ്പെടുമെന്ന വേദനയായിരുന്നു ഉള്ളിൽ. അമ്മ ഉൾപ്പെടെ പൂർവികർ താമസിച്ച മണ്ണാണ്.
അതു കൈവിട്ടു പോകില്ല എന്നറിഞ്ഞപ്പോൾ സന്തോഷം”. ചെങ്ങന്നൂർ മുളക്കുഴ ജംക്ഷനിൽ ഒത്തുചേർന്ന കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി പ്രവർത്തകർ സമരകാലത്തെ ദുരിതങ്ങളും അതിജീവനവും അനുസ്മരിച്ചു.
2022 മാർച്ച് നാലുമുതൽ മുളക്കുഴയിൽ അരങ്ങേറിയ സംഘർഷങ്ങളും പോലീസ് നടപടികളും ഇന്നും ഇവരുടെ ഓർമയിലുണ്ട്. ഊരിക്കടവ് പാലത്തിനു സമീപം സ്ഥാപിച്ച ആദ്യ മഞ്ഞക്കുറ്റിക്കെതിരെ നടന്ന പ്രതിഷേധങ്ങൾക്കുനേരെ ഉണ്ടായ പോലീസ് നടപടികൾ ഏറെ വിവാദമായിരുന്നു.
ശാന്തമ്മ സ്റ്റീഫൻ, എ.ബിമൽജി, റെജി തോമസ്, ഷീജ തുടങ്ങി നിരവധി പേർ അന്ന് നേരിട്ട ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ വിവരിച്ചു.
കെപിസിസി ജനറൽ സെക്രട്ടറി എബി കുര്യാക്കോസ് ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്ത സമ്മേളനത്തിൽ, സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചത് ജനകീയ പ്രക്ഷോഭങ്ങളുടെ വിജയമാണെന്ന് പ്രവർത്തകർ വിലയിരുത്തി. ജില്ലയിൽ പള്ളിക്കൽ, നൂറനാട്, വെൺമണി, ചെങ്ങന്നൂർ എന്നിവിടങ്ങളിലായിരുന്നു പദ്ധതിയുടെ അലൈൻമെന്റ് നിശ്ചയിച്ചിരുന്നത്.
പടനിലം ക്ഷേത്രത്തിലെ ഉത്സവങ്ങളെ ബാധിക്കുന്ന അലൈൻമെന്റിനെതിരെ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത പ്രതിഷേധങ്ങൾ നടന്നു. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ നടന്ന നിരാഹാരസമരങ്ങളും, വിവിധ പഞ്ചായത്തുകളിൽ നടന്ന ഒപ്പുശേഖരണങ്ങളും, ഓൾ ഇന്ത്യ അൺഓർഗനൈസിഡ് വർക്കേഴ്സ് കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തിലുള്ള പോരാട്ടങ്ങളും നിർണായകമായി.
2022 മാർച്ചിൽ കല്ലിടൽ ആരംഭിച്ചതോടെയാണ് ചെങ്ങന്നൂർ മേഖലയിൽ സംഘർഷം രൂക്ഷമായത്. സിൽവർ ലൈൻ പദ്ധതിക്കായി ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിലെ മുളക്കുഴ, വെൺമണി, നൂറനാട്, പാലമേൽ വില്ലേജുകളിലായി 42.0884 ഹെക്ടർ ഭൂമി ഏറ്റെടുക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടത്.
സമരങ്ങളുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ, നൂറനാട് സ്റ്റേഷനുകളിലായി 41 കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 33 കേസുകൾ പിഴയടച്ച് തീർപ്പാക്കിയപ്പോൾ, ബാക്കി 8 കേസുകൾ നിലവിൽ കോടതി നടപടികളിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

