ക്ഷേത്രങ്ങളിലെ കൊടിമര നിർമ്മാണത്തിനായി ലക്ഷണമൊത്ത തേക്കുമരങ്ങൾ തേടി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ആശ്രയിക്കുന്നത് മീനച്ചിൽ താലൂക്കിലെ പഞ്ചായത്തുകളെയാണ്. കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക, ആന്ധ്ര പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രമുഖ ക്ഷേത്രങ്ങളിലും ഇവിടുത്തെ തേക്കുമരങ്ങൾ കൊടിമരങ്ങളായി ഉയർന്നുനിൽക്കുന്നുണ്ട്.
കൊല്ലം പുത്തൂർ ചെറുമങ്ങാട് ചെരുവിൽ ദേവി ക്ഷേത്രത്തിലെ കൊടിമര നിർമ്മാണത്തിനായി ക്ഷേത്ര ഭാരവാഹികൾ നടത്തിയ അന്വേഷണം ഒടുവിൽ എത്തിച്ചേർന്നത് മരങ്ങാട്ടുപിള്ളി പൈക്കാട് പകലോമറ്റം കുമ്പിളുങ്കൽ ഷാജുവിന്റെ പുരയിടത്തിലാണ്. വൃക്ഷാചാര്യ ബിൻസ് ഔസേപ്പച്ചനാണ് തന്റെ 81–ാമത് കൊടിമരത്തിനുള്ള മരം കണ്ടെത്താൻ ഇവിടെ എത്തിയത്.
മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ തേക്കുമരങ്ങൾ ക്ഷേത്രാധികാരികൾ നിശ്ചയിക്കുന്ന കർശനമായ മാനദണ്ഡങ്ങൾ പാലിക്കുന്നവയാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്നുവർഷത്തിനിടെ നൂറോളം ക്ഷേത്രങ്ങളിലേക്കാണ് പാലാ മേഖലയിൽ നിന്നും തേക്കുമരങ്ങൾ എത്തിച്ചിട്ടുള്ളത്.
ക്ഷേത്ര ആവശ്യങ്ങൾക്കായി തിരഞ്ഞെടുക്കുന്ന മരങ്ങൾക്ക് പ്രത്യേക മാനദണ്ഡങ്ങളുണ്ട്. വളവ്, ചെരിവ്, പക്ഷിക്കൂടുകൾ, ഇത്തിൾ എന്നിവയില്ലാത്ത മരങ്ങളാണ് ഇതിനായി കണ്ടെത്തുന്നത്.
40 മുതൽ 60 അടി വരെ ഉയരവും, ശിഖരങ്ങൾ കുറവുള്ളതുമായ മരങ്ങളാണ് പൊതുവെ തിരഞ്ഞെടുക്കാറുള്ളത്. മരങ്ങാട്ടുപിള്ളിയിൽ നിന്നും കൊല്ലം പുത്തൂർ ചെറുമങ്ങാട് ചെരുവിൽ ദേവി ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്ന തേക്കിന് 50 അടി ഉയരമാണുള്ളത്.
ഇതിന്റെ അടിഭാഗത്തിന് 75 ഇഞ്ചും മുകൾഭാഗത്തിന് 50 ഇഞ്ചും വണ്ണമുണ്ട്. വൃക്ഷപൂജ നടത്തി വർണത്തുണികളിൽ പൊതിഞ്ഞ് ഘോഷയാത്രയായാണ് മരങ്ങൾ ക്ഷേത്രങ്ങളിലേക്ക് കൊണ്ടുപോകുന്നത്.
തുടർന്ന്, ഔഷധക്കൂട്ടുകൾ ചേർത്ത എണ്ണത്തോണിയിലിട്ട് സംസ്കരിച്ച ശേഷമാണ് ഇവ കൊടിമരങ്ങളായി മാറ്റുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

