കേരളത്തിലെ സ്വർണവിപണിയിൽ അഭൂതപൂർവ്വമായ വിലവർധനവ് തുടരുന്നു. വിപണിയിലെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഗ്രാമിന് 45 രൂപ വർധിച്ച് 14,660 രൂപയിലും, പവന് 360 രൂപ ഉയർന്ന് 1,17,280 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ ദിവസം രണ്ട് ഘട്ടങ്ങളിലായി ഗ്രാമിന് 120 മുതൽ 140 രൂപ വരെയും, പവന് 960 മുതൽ 1120 രൂപ വരെയും വില വർധിച്ചിരുന്നു. രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയെ നിർണയിക്കുന്നത്.
ക്രൂഡോയിൽ വിലയിലും ബോണ്ട് യീൽഡുകളിലും ഉണ്ടായ ഇടിവ് സ്വർണത്തിന് അനുകൂലമായ സാഹചര്യമൊരുക്കി. വരും ദിവസങ്ങളിലും ക്രൂഡോയിൽ വിലയും ബോണ്ട് യീൽഡും കുറയുകയും ഡോളർ മൂല്യം ഇടിയുകയും ചെയ്താൽ സ്വർണവില ഇനിയും ഉയരാനാണ് സാധ്യത.
രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 4570 ഡോളർ വരെ ഉയർന്ന ശേഷം നിലവിൽ 4536 ഡോളറിലാണ് വ്യാപാരം തുടരുന്നത്. ഈ നേരിയ കുറവ് ഉണ്ടായിരുന്നില്ലെങ്കിൽ സംസ്ഥാനത്ത് സ്വർണവില ഇതിലും അധികമാകുമായിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ കനത്ത തകർച്ച നേരിട്ട ഇന്ത്യൻ രൂപ ഇന്ന് ഡോളറിനെതിരെ 52 പൈസ ഉയർന്ന് 96.30 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്.
രൂപയുടെ മൂല്യത്തിലുണ്ടായ ഈ മെച്ചപ്പെടൽ സ്വർണവിലയിലെ കുതിപ്പിന് നേരിയ ആക്കം കുറച്ചിട്ടുണ്ട്. വെള്ളി വിലയിലും വർധന രേഖപ്പെടുത്തിയിട്ടുണ്ട്.
ഗ്രാമിന് 5 രൂപ ഉയർന്ന് 285 രൂപയാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റ് സ്വർണത്തിന്റെ കാര്യത്തിൽ വിവിധ നിരക്കുകളാണ് നിലവിലുള്ളത്.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) ഗ്രാമിന് 35 രൂപ വർധിപ്പിച്ച് 12,110 രൂപയായും, കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) ഗ്രാമിന് 35 രൂപ കൂട്ടി 12,045 രൂപയായും വില നിശ്ചയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

