എറണാകുളം ജില്ലയുടെ അടിസ്ഥാന സൗകര്യ വികസനവും ജനക്ഷേമ പദ്ധതികളും ലക്ഷ്യമിട്ട് നാല് മന്ത്രിമാരുടെ നേതൃത്വത്തിൽ ‘ക്വാഡ്ജെറ്റ്’ എന്ന പുതിയ ഭരണമാതൃകയ്ക്ക് രൂപം നൽകുന്നു. മുഖ്യമന്ത്രി വി.ഡി.സതീശൻ, മന്ത്രിമാരായ അനൂപ് ജേക്കബ്, റോജി എം.ജോൺ, വി.ഇ.അബ്ദുൽ ഗഫൂർ എന്നിവർ സംയുക്തമായാണ് ജില്ലയിലെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
**തീരദേശ വികസനവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ**
ധനകാര്യം, തുറമുഖം, നിയമം എന്നീ വകുപ്പുകളുടെ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി.സതീശന്റെ മേൽനോട്ടം എറണാകുളത്തിന്റെ വ്യാവസായിക വളർച്ചയിൽ നിർണായകമാകും. ‘‘തുറമുഖങ്ങളെയും തീരദേശ പാതകളെയും വികസിപ്പിച്ചു കേരളത്തെ വമ്പൻ തുറമുഖ നഗരമാക്കി മാറ്റും’’ എന്ന് അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ വ്യക്തമാക്കിയിരുന്നു.
കൊച്ചി തുറമുഖത്തെ വിഴിഞ്ഞവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള തീരദേശ ചരക്കു ഗതാഗതം, ക്രൂസ് ടൂറിസം, സീപ്ലെയ്ൻ പദ്ധതികൾ എന്നിവയിൽ അദ്ദേഹം നേരിട്ട് ശ്രദ്ധ കേന്ദ്രീകരിക്കും. **ആമ്പല്ലൂർ ഇലക്ട്രോണിക് പാർക്ക്: മന്ത്രി അനൂപ് ജേക്കബിന്റെ മുൻഗണന**
ആമ്പല്ലൂർ ഇലക്ട്രോണിക് ഹാർഡ്വെയർ പാർക്ക് യാഥാർഥ്യമാക്കുകയാണ് മന്ത്രി അനൂപ് ജേക്കബിന്റെ പ്രധാന ദൗത്യം.
പദ്ധതിയെക്കുറിച്ച് മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ: ‘‘യുവജനങ്ങൾക്കു തൊഴിൽ ലഭിക്കുക എന്ന ലക്ഷ്യത്തോടെ 2011 ൽ യുഡിഎഫ് സർക്കാർ വിഭാവനം ചെയ്ത പദ്ധതിയാണിത്. എന്നാൽ, പിന്നാലെ വന്ന എൽഡിഎഫ് സർക്കാർ തടസ്സങ്ങൾ ഉന്നയിച്ചു പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
തടസ്സം നീക്കുന്നതിന് നടപടി സ്വീകരിക്കും. ഭൂമി ഏറ്റെടുക്കുന്നതിനും തരം മാറ്റുന്നതിനും ഉൾപ്പെടെ സാധ്യമായതെല്ലാം ചെയ്യും.’’ മുത്തോലപുരം പഴം-പച്ചക്കറി സംഭരണശാലയുടെ പ്രവർത്തനം പുനരാരംഭിക്കുക, പിറവം എക്സൈസ് കടവ് പാലം, തിരുവാങ്കുളം ബൈപാസ് നിർമാണം എന്നിവയുടെ പുരോഗതിയും അദ്ദേഹം ഉറപ്പാക്കും.
**മെട്രോ വികസനവുമായി മന്ത്രി റോജി എം.ജോൺ**
കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടം അങ്കമാലിയിലേക്ക് ദീർഘിപ്പിക്കുകയെന്നതാണ് മന്ത്രി റോജി എം.ജോണിന്റെ പ്രഖ്യാപിത ലക്ഷ്യം. പദ്ധതിയെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്: ‘‘ആദ്യം വിമാനത്താവളത്തിലേക്കും അവിടെ നിന്ന് അങ്കമാലിയിലേക്കും മെട്രോ ദീർഘിപ്പിക്കാൻ കഴിഞ്ഞാൽ ഗതാഗത സൗകര്യങ്ങളിൽ വലിയ മുന്നേറ്റമുണ്ടാകും.’’ ഇതിനുപുറമെ, അങ്കമാലി-കുണ്ടന്നൂർ ബൈപാസ്, സിയാൽ കേന്ദ്രീകരിച്ചുള്ള എയ്റോ സിറ്റി പദ്ധതി എന്നിവയ്ക്കും അദ്ദേഹം മുൻഗണന നൽകുന്നു.
നഗരസൗന്ദര്യവൽക്കരണം, മലയോര മേഖലയിലെ വന്യജീവി ശല്യം നിയന്ത്രിക്കൽ, തീരദേശ സംരക്ഷണം തുടങ്ങിയ വിഷയങ്ങളിലും അദ്ദേഹം ഇടപെടൽ നടത്തും. **സീപോർട്ട്–എയർപോർട്ട് റോഡ് പൂർത്തീകരണത്തിന് വി.ഇ.അബ്ദുൽ ഗഫൂർ**
സീപോർട്ട്-എയർപോർട്ട് റോഡിന്റെ പൂർത്തീകരണം, 190 എംഎൽഡി ശുദ്ധജല വിപുലീകരണ പദ്ധതി, കളമശേരി മെഡിക്കൽ കോളേജ് വികസനം എന്നിവയിൽ മന്ത്രി വി.ഇ.അബ്ദുൽ ഗഫൂർ മുൻകൈ എടുക്കും.
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത്: ‘‘ഈ പദ്ധതികൾ പൂർത്തിയാക്കാൻ മുഖ്യമന്ത്രി വി.ഡി.സതീശന്റെ ശ്രദ്ധയിൽപെടുത്തി നടപടികൾ വേഗത്തിലാക്കും.’’ കൊച്ചിൻ കാൻസർ സെന്ററിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുക, സിറ്റി ഗ്യാസ് പദ്ധതി വീടുകളിലേക്ക് വ്യാപിപ്പിക്കുക തുടങ്ങിയവയും അദ്ദേഹത്തിന്റെ കർമ്മപദ്ധതിയിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

