സംസ്ഥാനത്തെ നിയമസഭാ സാമാജികർക്ക് ലഭിക്കുന്ന ശമ്പളവും വിവിധ ആനുകൂല്യങ്ങളും സംബന്ധിച്ച വിവരങ്ങൾ പൊതുസമൂഹത്തിൽ ഏറെ ചർച്ചയാകാറുണ്ട്. നിലവിലെ സർക്കാർ കണക്കുകൾ പ്രകാരം, ഒരു എംഎൽഎയ്ക്ക് മാസവേതനമായി ലഭിക്കുന്നത് 2,000 രൂപയാണ് (ഫിക്സഡ് അലവൻസ്).
ഇതോടൊപ്പം വിവിധ ഇനങ്ങളിലായി ലഭിക്കുന്ന അലവൻസുകൾ കൂടി ചേരുമ്പോൾ പ്രതിമാസം 70,000 രൂപയോളം തുക അലവൻസ് ഇനത്തിൽ മാത്രം ലഭിക്കുന്നു. ഇതിന്റെ വിശദാംശങ്ങൾ താഴെ പറയുന്നതാണ്:
നിയോജക മണ്ഡല അലവൻസായി 25,000 രൂപയും, ഫോൺ വാടകയിനത്തിൽ 11,000 രൂപയും, ഇൻഫർമേഷൻ അലവൻസായി 4,000 രൂപയും, സൽക്കാരം തുടങ്ങിയ ആവശ്യങ്ങൾക്കായി 8,000 രൂപയും ലഭിക്കുന്നു.
യാത്രാബത്തയായി കുറഞ്ഞത് 20,000 രൂപയാണ് അനുവദിക്കുന്നത്. താമസ സൗകര്യം, യാത്രാ ആനുകൂല്യങ്ങൾ എന്നിവയിൽ പ്രത്യേക നിബന്ധനകളുണ്ട്.
എംഎൽഎ ഹോസ്റ്റലിൽ പഴയ കെട്ടിടത്തിലെ മുറിക്ക് 50 രൂപയും, പുതിയ കെട്ടിടത്തിലെ മുറിക്ക് 100 രൂപയുമാണ് പ്രതിമാസ വാടക. റോഡ് മാർഗ്ഗമുള്ള യാത്രയ്ക്ക് കിലോമീറ്ററിന് 10 രൂപ നിരക്കിൽ ഈടാക്കുമ്പോൾ, ട്രെയിൻ യാത്രയ്ക്ക് ഫസ്റ്റ് ക്ലാസ് എസി നിരക്കിനൊപ്പം കിലോമീറ്ററിന് 25 പൈസ വീതവും ലഭിക്കുന്നു.
റോഡ്, റെയിൽ യാത്രകൾക്ക് ദൂരപരിധി നിശ്ചയിച്ചിട്ടില്ല. വാഹനം ഇന്ധനം നിറയ്ക്കാനും ട്രെയിൻ കൂപ്പണുകൾക്കുമായി പ്രതിവർഷം നാല് ലക്ഷം രൂപ വരെ അനുവദിക്കുന്നു.
ഔദ്യോഗിക യോഗങ്ങൾക്കായി വർഷത്തിൽ 50,000 രൂപയുടെ വിമാനയാത്രാ സഹായവും ലഭ്യമാണ്. നിയമസഭാ സമ്മേളനങ്ങളിൽ പങ്കെടുക്കുന്ന ദിവസങ്ങളിൽ പ്രതിദിനം 1,000 രൂപയും, കേരളത്തിന് പുറത്താണെങ്കിൽ 1,200 രൂപയും അലവൻസായി ലഭിക്കുന്നു.
കെഎസ്ആർടിസി ബസുകളിലും ബോട്ടുകളിലും എംഎൽഎമാർക്ക് സൗജന്യ യാത്ര അനുവദിച്ചിട്ടുണ്ട്. ചികിത്സാച്ചെലവുകൾ സർക്കാർ വഹിക്കുന്നു.
സാമ്പത്തിക ആനുകൂല്യങ്ങളായി പത്ത് ലക്ഷം രൂപ വരെ പലിശരഹിത വാഹന വായ്പയും, 20 ലക്ഷം രൂപ വരെ ഭവന വായ്പ അഡ്വാൻസും ലഭിക്കുന്നു. പുസ്തകങ്ങൾ വാങ്ങാനായി പ്രതിവർഷം 15,000 രൂപയും, 20 ലക്ഷം രൂപയുടെ അപകട
ഇൻഷുറൻസ് പരിരക്ഷയും സർക്കാർ നൽകുന്നു. കൂടാതെ, അണ്ടർ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ സേവനത്തിനായി 20,000 രൂപ സ്റ്റാഫ് അലവൻസും ലഭിക്കുന്നു.
മുൻ എംഎൽഎമാർക്കുള്ള പെൻഷൻ ഘടനയും വ്യത്യസ്തമാണ്. അഞ്ച് വർഷം പൂർത്തിയാക്കിയവർക്ക് പ്രതിമാസം 20,000 രൂപയാണ് പെൻഷൻ.
നാല് വർഷത്തിന് 16,000 രൂപയും, മൂന്ന് വർഷത്തിന് 12,000 രൂപയും, രണ്ട് വർഷമോ അതിൽ താഴെയോ ഉള്ളവർക്ക് 8,000 രൂപയുമാണ് ലഭിക്കുന്നത്. അഞ്ച് വർഷത്തിൽ കൂടുതൽ സേവനമനുഷ്ഠിച്ചവർക്ക് ഓരോ അധിക വർഷത്തിനും 1,000 രൂപ വീതം വർധന ലഭിക്കും.
എന്നാൽ, പരമാവധി പെൻഷൻ തുക 50,000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. യാത്രാച്ചെലവുകൾക്കായി മുൻ എംഎൽഎമാർക്ക് വർഷത്തിൽ പരമാവധി ഒരു ലക്ഷം രൂപയും സർക്കാർ അനുവദിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

