തൃശൂർ ജില്ലയിലെ പെരുമ്പിലാവ് ഉൾപ്പെടെയുള്ള മേഖലകളിൽ അടയ്ക്കയുടെ വിപണി വിലയിലുണ്ടായ ഗണ്യമായ ഇടിവ് കർഷകരെയും ചെറുകിട വ്യാപാരികളെയും വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
വിപണിയിലെ ഈ മാന്ദ്യത്തിന് പ്രധാന കാരണം വൻതോതിലുള്ള ഇറക്കുമതി ക്രമക്കേടുകളാണെന്നാണ് ഉയരുന്ന പ്രധാന ആരോപണം. റോസ്റ്റഡ് അടയ്ക്ക ഇറക്കുമതി ചെയ്യുന്നതിനുള്ള അനുമതിയുടെ മറവിൽ, ഇന്തോനേഷ്യയിൽ നിന്ന് സാധാരണ അടയ്ക്ക രാജ്യത്തേക്ക് രഹസ്യമായി കടത്തുന്നതായാണ് വ്യാപാരികളുടെ പരാതി.
ഇറക്കുമതി ചെയ്യുന്ന കണ്ടെയ്നറുകളുടെ വാതിൽക്കൽ പേരിന് മാത്രം റോസ്റ്റ് ചെയ്ത അടയ്ക്കയുടെ ചാക്കുകൾ ക്രമീകരിച്ച ശേഷം, അതിനുള്ളിൽ സാധാരണ അടയ്ക്ക ഒളിപ്പിച്ചു കടത്തുന്ന രീതിയാണ് ഇപ്പോൾ വ്യാപകമായി നടക്കുന്നത്. ഉദ്യോഗസ്ഥരെയും ക്ലിയറിങ് ഏജന്റുമാരെയും സ്വാധീനിച്ച് നടത്തുന്ന ഈ പ്രവർത്തനങ്ങൾ ആഭ്യന്തര വിപണിയെ തകർക്കുകയാണെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ക്വിന്റലിന് 48,000 രൂപ വരെ വിലയുണ്ടായിരുന്ന സ്ഥാനത്ത്, നിലവിൽ വില 40,000 മുതൽ 42,000 രൂപ എന്ന നിലയിലേക്ക് ഇടിഞ്ഞു. റോസ്റ്റഡ് അടയ്ക്ക ഇറക്കുമതി ചെയ്യാൻ അനുമതിയുള്ള വൻകിട
വ്യാപാരികളാണ് ഈ ക്രമക്കേടിന് പിന്നിലെന്ന് വ്യാപാര മേഖലയിലുള്ളവർ ആരോപിക്കുന്നു. ഇത്തരത്തിൽ ഗുണനിലവാരമില്ലാത്ത അടയ്ക്കയുടെ കടന്നുകയറ്റം ഉണ്ടായിരുന്നില്ലെങ്കിൽ നിലവിൽ ക്വിന്റലിന് 70,000 രൂപ വരെ വില ലഭിക്കുമായിരുന്നുവെന്നും ഇവർ അവകാശപ്പെടുന്നു.
ആയതിനാൽ, അനിയന്ത്രിതമായ ഈ ഇറക്കുമതി തടയുന്നതിനായി തുറമുഖങ്ങളിലും അതിർത്തികളിലും കർശനമായ പരിശോധനകൾ ഏർപ്പെടുത്തണമെന്നാണ് കർഷകരുടെയും ചെറുകിട വ്യാപാരികളുടെയും ശക്തമായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

