പ്രകൃതിക്ഷോഭത്തെയും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തെയും തുടർന്ന് നാശനഷ്ടങ്ങൾ നേരിട്ട കോഴിക്കോട് ജില്ലയിലെ അറുനൂറിലേറെ കുടുംബങ്ങൾ ഇപ്പോഴും സർക്കാർ സഹായം കാത്ത് കഴിയുകയാണ്.
ദുരന്തം സംഭവിച്ച് രണ്ട് വർഷം പിന്നിട്ടിട്ടും പ്രഖ്യാപിച്ച ദുരിതാശ്വാസ ഫണ്ട് ലഭിക്കാത്തത് ബാധിതരെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജില്ലാ ഭരണകൂടം, വിവിധ മന്ത്രിതലങ്ങൾ എന്നിവിടങ്ങളിൽ പരാതികൾ നൽകിയിട്ടും നടപടികൾ ഫലം കണ്ടില്ല.
തകർന്ന വീടുകളുടെയും റോഡുകളുടെയും അറ്റകുറ്റപ്പണികൾ പോലും ഇനിയും പൂർത്തിയായിട്ടില്ല. 2024 ജൂൺ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ ജില്ലയിലെ 600-ലേറെ പേർക്കായി 12 കോടി രൂപയാണ് സർക്കാർ ദുരിതാശ്വാസ ഫണ്ടിൽ നിന്നും അനുവദിക്കേണ്ടതുള്ളത്.
കൃഷിനാശം നേരിട്ടവരും വീടുകൾ പൂർണമായും ഭാഗികമായും നഷ്ടപ്പെട്ടവരും ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപായി നഷ്ടപരിഹാര വിതരണത്തിനായുള്ള നടപടികൾ ജില്ലാ ഭരണകൂടം ആരംഭിക്കുകയും, കഴിഞ്ഞ സെപ്റ്റംബറിൽ ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ബാധിതരുടെ പട്ടിക കളക്ടർക്കും സർക്കാരിനും കൈമാറുകയും ചെയ്തിരുന്നു.
തിരഞ്ഞെടുപ്പിന് ശേഷം ഫണ്ട് പാസായതായി ദുരന്ത നിവാരണ വകുപ്പിൽ നിന്നും അറിയിപ്പ് ലഭിച്ചെങ്കിലും, തുക അക്കൗണ്ടുകളിൽ എത്തിയിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫണ്ട് ലഭിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി.
തിരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയായതിന് പിന്നാലെ, കഴിഞ്ഞ ആഴ്ച ഉദ്യോഗസ്ഥർ ഇതുസംബന്ധിച്ച റിമൈൻഡർ റിപ്പോർട്ട് വീണ്ടും ബന്ധപ്പെട്ട വകുപ്പിന് കൈമാറിയിട്ടുണ്ട്.
പുതിയ മന്ത്രിസഭ അധികാരമേറ്റ സാഹചര്യത്തിൽ ഫണ്ട് അടിയന്തരമായി ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ജില്ലാ അധികൃതർ. അതിനിടെ, ദുരിതബാധിത പ്രദേശങ്ങളിലെ അടിയന്തര നിർമാണ പ്രവൃത്തികൾ കരാറുകാർ സ്വന്തം നിലയിൽ പൂർത്തിയാക്കിയിരുന്നു.
എന്നാൽ ഇവർക്ക് നൽകാനുള്ള തുകയും ഇതുവരെ അനുവദിച്ചിട്ടില്ല. റോഡ് പുനർനിർമാണം, വീടുകളുടെ അറ്റകുറ്റപ്പണി, നഷ്ടപ്പെട്ട
മൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം, പുനരധിവാസം തുടങ്ങിയ ആവശ്യങ്ങൾക്കുള്ള തുകയാണ് വൈകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

